‘ഡീപ് ഫേക്’ വീഡിയോകൾക്കെതിരെയും ആർട്ടിഫിഷ്യൽ ഇന്റലിജൻസിന്റെ (എഐ) ദുരുപയോഗത്തിനെതിരെയും മുന്നറിയിപ്പുമായി പ്രധാനമന്ത്രി നരേന്ദ്ര മോദി. ‘ഡീപ് ഫേക്ക്’ അടക്കമുള്ളവ സൃഷ്ടിക്കുന്ന വിപത്തുകളെക്കുറിച്ച് മാധ്യമങ്ങൾ ജനങ്ങളെ ബോധവത്കരിക്കണമെന്ന് അദ്ദേഹം ആവശ്യപ്പെട്ടു. ഡൽഹിയിൽ ബിജെപിയുടെ ദീപാവലി മിലൻ പരിപാടിയിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.
‘ഞാന്‍ പാടുന്ന തരത്തിലുള്ള ഒരു വീഡിയോ അടുത്തിടെ ശ്രദ്ധയില്‍പ്പെട്ടു. എഐ സാങ്കേതിക വിദ്യയിലൂടെ സൃഷ്ടിച്ചെടുത്തതാണ് അത്’-പ്രധാനമന്ത്രി പറഞ്ഞു. നിരവധി സാധാരണക്കാരെ ഈ വ്യാജ വീഡിയോകൾ ബാധിക്കുന്നു. സെലിബ്രിറ്റികളുൾപ്പെടെ നിരവധി പേരാണ് ഡീപ് ഫേക് വീഡിയോകളുടെ ഇരകളായിരിക്കുന്നത്.
ഡീപ് ഫേക് വീഡിയോകൾ വലിയ ആശങ്ക സൃഷ്ടിക്കുകയാണ്. അത്തരം വീഡിയോകൾ ഇന്റർനെറ്റിൽ പ്രചരിക്കുമ്പോൾ മുന്നറിയിപ്പ് നൽകാൻ ചാറ്റ് ജിപിടി സംഘത്തോട് ആവശ്യപ്പെട്ടിട്ടുണ്ടെന്ന് മോദി പറഞ്ഞു. ഡീപ് ഫേക് വീഡിയോകളിൽ ഇരയാക്കപ്പെട്ടവർ പൊലീസിൽ പരാതി നൽകണം. കൂടാതെ വിവരസാങ്കേതിക നിയമങ്ങൾ പ്രകാരമുള്ള പരിഹാരങ്ങൾ പ്രയോജനപ്പെടുത്തമെന്നും മോദി കൂട്ടിച്ചേർത്തു.
നിരവധി യുവ മാധ്യമപ്രവർത്തകരെ നഷ്ടമാകുന്നത് ദുഃഖകരമാണ്. മാധ്യമപ്രവർത്തകരുടെ ആരോഗ്യം ഗൗരവത്തോടെ കാണണം. ഇതിനായി സർക്കാരിന് എന്ത് ചെയ്യാനാകും എന്നത് ചർച്ച ചെയ്യണം. പ്രാദേശിക വ്യാപാരികളെയും ഉത്പന്നങ്ങളെയും മാധ്യമങ്ങൾ പ്രോത്സാഹിപ്പിക്കണം. 2047ൽ ഇന്ത്യയെ വികസിത രാജ്യമാക്കണം എന്നത് പാർട്ടി പരിപാടിയല്ല. വികസനത്തിന് മാധ്യമങ്ങളുടെ സഹകരണം അഭ്യർത്ഥിക്കുന്നു എന്നും മോദി പറഞ്ഞു.
നടിമാരായ രശ്മിക മന്ദാന, കത്രീന കെയ്ഫ് തുടങ്ങിയവരുടെ അശ്ലീലമായ തരത്തിലുള്ള ഡീഫ് ഫേക്ക് വീഡിയോകള്‍ അടുത്തിടെ സമൂഹ മാധ്യമങ്ങളിലൂടെ പ്രചരിച്ചിരുന്നു. ഡീപ് ഫേക് വിഷയത്തിൽ കേന്ദ്രമന്ത്രി രാജീവ് ചന്ദ്രശേഖർ നേരത്തെ പ്രതികരിച്ചിരുന്നു.
തെറ്റായ വിവരങ്ങൾ പ്രചരിപ്പിക്കുന്നത് തടയാൻ ഓൺലൈൻ പ്ലാറ്റ്‌ഫോമുകൾക്ക് നിയമപരമായ ബാധ്യതയുണ്ടെന്ന് മന്ത്രി വ്യക്തമാക്കിയിരുന്നു. ഇത്തരം ഉള്ളടക്കം ലക്ഷ്യമിടുന്നത് നമ്മുടെ കുട്ടികളെയും സ്ത്രീകളെയും കുറിച്ചാണെന്നും പൗരന്മാരുടെ സുരക്ഷ വളരെ ഗൗരവത്തോടെയാണ് സർക്കാർ കാണുന്നതെന്നും മന്ത്രി കൂട്ടിച്ചേർത്തു.
അതേസമയം, ഇത്തരം വീഡിയോകൾ പ്രചരിപ്പിക്കുന്നവർക്കെതിരെ വൻ തുക പിഴയായി ഈടാക്കുമെന്നും കേന്ദ്രസർക്കാർ അറിയിച്ചിട്ടുണ്ട്. ഡീപ് ഫേക് വീഡിയോകൾ സൃഷ്ടിക്കുന്നതിനും പ്രചരിപ്പിക്കുന്നതിനും ഒരു ലക്ഷം രൂപ പിഴയും മൂന്ന് വർഷം തടവും ലഭിക്കുമെന്ന് കേന്ദ്രം അറിയിച്ചു.