ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സിന്റെ സഹായത്തോടെ നിര്‍മ്മിക്കുന്ന ഡീപ്‌ഫേക്ക് വീഡിയോകള്‍ തടയുന്നതിന് നിയമം കൊണ്ടുവരുമെന്ന് അറിയിച്ച് കേന്ദ്ര ഐടി മന്ത്രി രാജീവ് ചന്ദ്രശേഖര്‍. എട്ട് ദിവസത്തിനുള്ളില്‍ ഇത് സംബന്ധിച്ച നിയമത്തില്‍ ഭേദഗതി വരുത്തുമെന്നും കേന്ദ്ര ഐടി മന്ത്രി അറിയിച്ചു.
ഇത്തരം തട്ടിപ്പുകള്‍ തടയേണ്ടതിന്റെ ഉത്തരവാദിത്വം സാമൂഹ്യ മാധ്യമങ്ങള്‍ക്കാണെന്നും രാജീവ് ചന്ദ്രശേഖര്‍ കൂട്ടിച്ചേര്‍ത്തു. സമീപകാലത്ത് രാജ്യത്ത് ഡീപ്‌ഫേക്ക് വീഡിയോകള്‍ക്കെതിരെ നിരവധി പരാതികള്‍ ഉയര്‍ന്നിരുന്നു. സച്ചിന്‍ ടെണ്ടുല്‍ക്കര്‍ ഐടി മന്ത്രിയെ ടാഗ് ചെയ്ത് കഴിഞ്ഞ ദിവസം എക്‌സില്‍ ഇതിനെതിരെ പരാതി ഉന്നയിച്ചിരുന്നു.
ഇതേ തുടര്‍ന്നാണ് ഡീപ്‌ഫേക്ക് വീഡിയോകള്‍ക്കെതിരെ നിയമനിര്‍മ്മാണം നടത്തുമെന്ന് അറിയിച്ച് രാജീവ് ചന്ദ്രശേഖര്‍ രംഗത്തെത്തിയത്. സച്ചിന്‍ ടെണ്ടുല്‍ക്കറും മകളും ഓണ്‍ലൈന്‍ ഗെയിമിനെ പിന്തുണയ്ക്കുന്ന തരത്തിലായിരുന്നു വീഡിയോ പ്രചരിച്ചത്. സാങ്കേതിക വിദ്യ ദുരുപയോഗം ചെയ്യുന്നതില്‍ ആശങ്ക അറിയിച്ചാണ് സച്ചിന്‍ രംഗത്തെത്തിയത്.