ആഭ്യന്തര മന്ത്രി അമിത് ഷായ്‌ക്കെതിരെയാ മാനനഷ്ടകേസിൽ വാദം കേൾക്കുന്നതിനായി പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധി നാളെ എംപി- എംഎൽഎ കോടതിയിൽ ഹാജരാകും. രാഹുൽ വെള്ളിയാഴ്ച രാവിലെ ലഖ്‌നൗ വിമാനത്താവളത്തിൽ ഇറങ്ങുമെന്നും തുടർന്ന് സുൽത്താൻപൂരിലേക്ക് പോകുമെന്നും കോൺഗ്രസ് ജില്ലാ പ്രസിഡൻ്റ് അഭിഷേക് സിംഗ് റാണ പറഞ്ഞു.
2018ൽ അമിത് ഷായ്‌ക്കെതിരെ ആക്ഷേപകരമായ പരാമർശങ്ങൾ നടത്തിയെന്ന പരാതിയിലാണ് രാഹുൽ കോടതിയിൽ ഹാജരാകുന്നത്. രാഹുലിനെതിരെ 2018 ഓഗസ്റ്റ് 4 ന് ബിജെപി പ്രാദേശിക നേതാവ് വിജയ് മിശ്ര മാനനഷ്ടക്കേസ് ഫയൽ ചെയ്തിരുന്നു. അമിത് ഷായെ കൊലക്കേസ് പ്രതിയെന്ന് വിളിച്ചതിനെ തുടർന്നാണ് രാഹുലിനെതിരെ മാനനഷ്ട കേസെടുത്തത്. സത്യസന്ധവും സംശുദ്ധവുമായ രാഷ്ട്രീയത്തിൽ വിശ്വസിക്കുന്നതായി ബിജെപി അവകാശപ്പെടുന്നുണ്ടെങ്കിലും ഒരു കൊലപാതക കേസിൽ പ്രതിയായ ഒരു പാർട്ടി അധ്യക്ഷനുണ്ടെന്നായിരുന്നു രാഹുൽ ഗാന്ധിയുടെ പരാമർശം.
2018ൽ ചായിബാസയിൽ നടന്ന തിരഞ്ഞെടുപ്പ് പ്രസംഗത്തിലാണ് പരിപാടിയിലാണ് രാഹുൽ ഗാന്ധി അമിത് ഷാക്കെതിരെ പരാമർശം നടത്തിയത്.
കേസിൽ ഈ വർഷം ഫെബ്രുവരി 20നാണ് കോടതി രാഹുലിന് ജാമ്യം അനുവദിച്ചത്. ഉത്തർപ്രദേശിലെ സുല്‍ത്താന്‍പുര്‍ കോടതിയാണ് രാഹുലിന് ജാമ്യം അനുവദിച്ചത്. ജൂലൈ 26ന് മൊഴി രേഖപ്പെടുത്താൻ സ്‌പെഷ്യൽ മജിസ്‌ട്രേറ്റ് ശുഭം വർമയാണ് രാഹുലിനെ വിളിച്ചുവരുത്തിയത്.
കഴിഞ്ഞ ഡിസംബറിൽ കോടതി രാഹുലിനെ വാറണ്ട് പുറപ്പെടുവിച്ചിരുന്നു. തുടർന്ന്, ഫെബ്രുവരി 20 ന് അമേഠിയിൽ വെച്ച് കോൺഗ്രസ് നേതാവ് തൻ്റെ ഭാരത് ജോഡോ ന്യായ് യാത്ര നിർത്തിയേ ശേഷം സുൽത്താൻപുര്‍ കോടതിയിൽ ഹാജരായി കീഴടങ്ങിയ രാഹുൽ ഗാന്ധി മുക്കാൽ മണിക്കൂറോളം കോടതിയുടെ കസ്റ്റഡിയിലായിരുന്നു. മുക്കാൽ മണിക്കൂറിന് ശേഷമാണ് രാഹുൽ ഗാന്ധിയുടെ അഭിഭാഷകർ ജാമ്യാപേക്ഷ നൽകിയത്. ഈ അപേക്ഷ കോടതി അംഗീകരിച്ച് രാഹുലിന് ജാമ്യം നൽകുകയായിരുന്നു.