രാജ്യത്ത് കോവിഡ് ബാധിരുടെ എണ്ണത്തില്‍ വൻ വർദ്ധന രേഖപ്പെടുത്തിയ സാഹചര്യത്തില്‍ അഞ്ച് സംസ്ഥാനങ്ങള്‍ക്ക് മുന്നറിയിപ്പുമായി കേന്ദ്ര സര്‍ക്കാര്‍. നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ വെന്റിലേറ്ററുകളും ഐസിയുകളും നിറഞ്ഞ് സ്ഥിതിഗതികൾ നിയന്ത്രണാതീതമാകുമെന്ന് കേന്ദ്രം മുന്നറിയിപ്പ് നല്‍കി.
മഹാരാഷ്ട്ര, തമിഴ്‌നാട്, ഗുജറാത്ത്, ഉത്തര്‍പ്രദേശ്, ഡല്‍ഹി എന്നീ സംസ്ഥാനങ്ങള്‍ക്കാണ് മുന്നറിയിപ്പ്. ഇവിടങ്ങളിലെ നിലവിലെ സാഹചര്യം തുടര്‍ന്നാല്‍ അടുത്ത മൂന്ന് മാസത്തേക്ക് ഐസിയു കിടക്കകളും വെന്റിലേറ്ററുകളും ഉണ്ടാകില്ലെന്ന് കേന്ദ്ര സര്‍ക്കാര്‍ പറയുന്നു.
ഡല്‍ഹിയില്‍ ജൂണ്‍ മൂന്നിന് തന്നെ ഐസിയു കിടക്കകള്‍ ഒഴിവില്ലാതായതായാണ് റിപ്പോര്‍ട്ടുകള്‍ പറയുന്നത്. ഇപ്പോള്‍ വെന്റിലേറ്ററുകളും നിറഞ്ഞു. ഓക്‌സിജന്‍ സജ്ജീകരണമുള്ള ഐസൊലേഷന്‍ ബെഡുകള്‍ ജൂണ്‍ 25- ഓടെ നിറയുമെന്നും വിലയിരുത്തുന്നു.
കാബിനറ്റ് സെക്രട്ടറി രാജീവ് ഗൗബ സംസ്ഥാന ചീഫ് സെക്രട്ടറിമാരുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് ഈ വിലയിരുത്തല്‍. മഹാരാഷ്ട്രയില്‍ ജൂണ്‍ എട്ട് മുതല്‍ ഐസിയു കിടക്കകളുടെ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. ജൂലായ് 27- ഓടെ വെന്റിലേറ്ററുകളും ഒഴിവില്ലാതാകും. തമിഴ്‌നാട്ടില്‍ ഐസിയു ബെഡുകളും വെന്റിലേറ്ററുകളും ജൂലൈ ഒമ്പതോടെ നിറയും.
സമാനമായ സ്ഥിതി തുടര്‍ന്നാല്‍ മറ്റു അഞ്ചു സംസ്ഥാനങ്ങളിലും ഗുരുതരമായ സാഹചര്യമുണ്ടാകുമെന്നും വിലയിരുത്തലുണ്ട്. ഹരിയാന, കര്‍ണാടക, ജമ്മു കശ്മീര്‍, മധ്യപ്രദേശ്, പശ്ചിമബംഗാള്‍ എന്നീ സംസ്ഥാനങ്ങളോട് അടുത്ത രണ്ടു മാസത്തേക്ക് ആശുപത്രികളുടെ ശേഷി വര്‍ദ്ധിപ്പിക്കാന്‍ ആസൂത്രണങ്ങള്‍ നടത്തണമെന്ന് ആവശ്യപ്പെട്ടിട്ടുണ്ട്. അതോടൊപ്പം തന്നെ ആരോഗ്യ സംവിധാനങ്ങളുടെ നവീകരണത്തിന് ഊന്നല്‍ നല്‍കി കര്‍മ്മപദ്ധതി തയ്യാറാക്കാനും ആവശ്യപ്പെട്ടു.
ഗുരുഗ്രാം, മുംബൈ, പാല്‍ഘര്‍, ചെന്നൈ, താനെ തുടങ്ങിയ 17 ജില്ലകളില്‍ അടുത്ത ഒരു മാസത്തിനുള്ളില്‍ തന്നെ ആശുപത്രികള്‍ നിറഞ്ഞ് കവിയുമെന്നും മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്.