കൽക്കാജി മണ്ഡലത്തിലെ വിജയത്തിന് പിന്നാലെ നൃത്തം ചെയ്ത ഡൽഹി മുഖ്യമന്ത്രിയും എഎപി നേതാവുമായ അതിഷിയ്ക്കെതിരെ രൂക്ഷ വിമർശനം. നിയമസഭാ തിരഞ്ഞെടുപ്പിൽ വിജയിച്ചതിന് പിന്നാലെ ഡൽഹി മുഖ്യമന്ത്രി അതിഷി നൃത്തം ചെയ്യുന്ന ദൃശ്യങ്ങൾ പുറത്തുവന്നിരുന്നു. അതിഷിയുടെ നൃത്തത്തിനെതിരെ എഎപിയുടെ രാജ്യസഭാ എംപി സ്വാതി മലിവാൾ നിശിത വിമർശനവുമായി രംഗത്ത് വന്നു. ‘നാണമില്ലാത്ത പ്രകടനം’ എന്നായിരുന്നു അതിഷിയ്ക്കെതിരായ സ്വാതി മലിവാളിൻ്റെ വിമർശനം.
ये कैसा बेशर्मी का प्रदर्शन है ? पार्टी हार गई, सब बड़े नेता हार गये और Atishi Marlena ऐसे जश्न मना रही हैं ?? pic.twitter.com/zbRvooE6FY
— Swati Maliwal (@SwatiJaiHind) February 8, 2025
കൽക്കാജി നിയമസഭാ സീറ്റിൽ വിജയിച്ചതിന് പിന്നാലെ അനുയായികൾക്കൊപ്പം അതിഷി നൃത്തം ചെയ്യുകയും ആഘോഷിക്കുകയും ചെയ്യുന്ന വീഡിയോയാണ് പുറത്ത് വന്നത്. അരവിന്ദ് കെജ്‌രിവാൾ ഉൾപ്പെടെയുള്ള മുതിർന്ന നേതാക്കൾ പരാജയപ്പെടുകയും എഎപിയ്ക്ക് ഭരണം നഷ്ടപ്പെടുകയും ചെയ്ത സമയത്ത് അതിഷി നടത്തിയ ആഘോഷത്തെയാണ് മലിവാൾ ചോദ്യം തിരിക്കുന്നത്. ‘എന്തൊരു നാണം കെട്ട ആഘോഷമാണ് ഇത്? പാർട്ടി പരാജയപ്പെട്ടു, മുതിർന്ന നേതാക്കളെല്ലാം തോറ്റു, അതിഷി മർലേന ഇങ്ങനെ ആഘോഷിക്കുന്നു’ എന്നായിരുന്നു അതിഷി പ്രവർത്തകർക്കൊപ്പം നൃത്തം ചെയ്യുന്ന വീഡിയോ പങ്കുവെച്ച് സ്വാതി മലിവാൾ എക്സിൽ കുറിച്ചത്.
തുടക്കം മുതൽ പിന്നിൽ നിന്നിരുന്ന അതിഷി അവസാന റൗണ്ടിലാണ് വിജയം പിടിച്ചെടുത്തത്. ബിജെപിയുടെ രമേഷ് ബിധുരിയും കോൺഗ്രസിൻ്റെ അൽക്ക ലാംബയുമായിരുന്നു ഇവിടെ അതിഷിയുടെ എതിരാളികൾ. നേരത്തെ തിരഞ്ഞെടുപ്പ് വിജയത്തിന് ശേഷം കൽക്കാജിയിലോ വോട്ടർമാർക്ക് നന്ദി പറഞ്ഞ് രംഗത്ത് വന്നിരുന്നു. ‘എന്നിൽ വിശ്വാസം അർപ്പിച്ച കൽക്കാജിയിലെ ജനങ്ങളോടും വിജയത്തിനായി പ്രവർത്തിച്ച പ്രവർത്തകരോടും നന്ദി പറയുന്നു എന്നായിരുന്നു അതിഷിയുടെ പ്രതികരണം. ഞാൻ വിജയിച്ചു, പക്ഷെ ഇത് ആഘോഷിക്കാനുള്ള സമയമല്ല ഇത് ബിജെപിയുടെ ഏകാധിപത്യത്തിനും തെമ്മാടിത്തരത്തിനും എതിരായി പോരാടാനുള്ള സമയമാണ്’ എന്നും അതിഷി പ്രതികരിച്ചു.
Read more
മൂന്നാമതും അധികാരത്തിലെത്തുമെന്ന എഎപി പ്രതീക്ഷകളെ തകർത്തുകൊണ്ടായിരുന്നു 27 വർഷത്തിന് ശേഷം ബിജെപി ഡൽഹിയിൽ ഭരണം പിടിച്ചത്. 2020ൽ എട്ട് സീറ്റ് മാത്രം നേടിയ ബിജെപി ഇത്തവണ സീറ്റ് നേട്ടം 48 ആയി ഉയർത്തി. എന്നാൽ 62 സീറ്റുണ്ടായിരുന്ന എഎപിയുടെ സീറ്റ്നില 22ലേയ്ക്ക് ചുരുങ്ങി. എഎപിയുടെ പ്രധാന നേതാക്കളായ അരവിന്ദ് കെജ്രിവാൾ, മനീഷ് സിസോദിയ, സൗരഭ് ഭരദ്വാജ്, ദുർഗേഷ് പഥക്, സത്യേന്ദ്ര ജെയിൻ, അവധ് ഓജ, സോംനാഥ് ഭാരതി തുടങ്ങിയവർ ഡൽഹി നിയമസഭാ തിരഞ്ഞെടുപ്പിൽ പരാജയപ്പെട്ടിരുന്നു