ബലാത്സംഗ-കൊലപാതകക്കേസിൽ ഇരയുടെ വ്യക്തിവിവരങ്ങൾ വെളിപ്പെടുത്തുന്ന തരത്തിൽ പങ്കുവച്ച് പോസ്റ്റ് പിൻവലിക്കണമെന്ന് രോഹുൽ ഗാന്ധിയോട് ഡൽഹി ഹൈക്കോടതി ആവശ്യപ്പെട്ടു.ഇരയായ ദളിത് പെൺകുട്ടിയുടെ വ്യക്തിവിവരങ്ങൾ സോഷ്യൽ മീഡിയയിലൂടെ പുറത്തുവിട്ടതിന് രാഹുലിനെ കോടതി വിമർശിച്ചു. പോസ്റ്റ് എത്രയും വേഗം നീക്കം ചെയ്യണമെന്ന് കോടതി ആവശ്യപ്പെട്ടു.
9 വയസുകാരിയുടെ വിവരങ്ങളടങ്ങിയ ‘എക്സ്’ പോസ്റ്റ് ഇന്ത്യയിൽ ലഭ്യമല്ലെങ്കിലും രാജ്യത്തിന് പുറത്ത് ആക്സസ് ചെയ്യാൻ കഴിയുമെന്നും കോടതി ചൂണ്ടിക്കാട്ടി.രാഹുൽ ഗാന്ധിക്കെതിരെ നടപടിയെടുക്കാൻ ട്വിറ്ററിനും, സിറ്റി പൊലീസിനും നിർദേശം നൽകണമെന്ന് ആവശ്യപ്പെട്ട് 2021-ൽ ഒരു സാമൂഹിക പ്രവർത്തകനാണ് ഡൽഹി ഹൈക്കോടതിയിൽ പൊതുതാൽപ്പര്യ ഹർജി നൽകിയത്.
എക്സ് പോസ്റ്റ് നീക്കം ചെയ്തിരിക്കാമെന്ന് ആക്ടിംഗ് ചീഫ് ജസ്റ്റിസ് മൻമോഹൻ, ജസ്റ്റിസ് മിനി പുഷ്‌കർണ്ണ എന്നിവരുടെ ബെഞ്ച് രാഹുലിനോട് ആവശ്യപ്പെട്ടു. ഇരയുടെ വ്യക്തിത്വം സംരക്ഷിക്കപ്പെടണമെന്നും കോടതി പറഞ്ഞു. 2021 ഓഗസ്റ്റ് 1 ന്, ഡൽഹിയിൽ സംശയാസ്പദമായ സാഹചര്യത്തിൽ മരിച്ച 9 വയസുകാരി മാതാപിതാക്കളോടൊപ്പം നിൽക്കുന്ന ചിത്രം രാഹുൽ തൻ്റെ എക്സ് അക്കൗണ്ടിൽ പങ്കുവെച്ചിരുന്നു.
മകളെ ബലാത്സംഗം ചെയ്ത ശേഷം കൊലപ്പെടുത്തുകയായിരുന്നുവെന്നാണ് മാതാപിതാക്കൾ അന്ന് ആരോപിച്ചിരുന്നത്. സൗത്ത് വെസ്റ്റ് ഡൽഹിയിലെ ഓൾഡ് നംഗൽ ഗ്രാമത്തിലെ ഒരു ശ്മശാനത്തിലെ പൂജാരിയാണ് ഈ ക്രൂരകൃത്യം ചെയ്തതെന്ന് പിന്നീട് കണ്ടെത്തിയിരുന്നു.ബലാത്സംഗ-കൊലപാതകമെന്ന് കണ്ടെത്തിയിട്ടും രാഹുൽ തന്റെ പോസ്റ്റ് പിൻവലിച്ചില്ല. തുടർന്ന് അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ അക്കൗണ്ട് കുറച്ചുകാലത്തേക്ക് സസ്‌പെൻഡ് ചെയ്തു. എന്നാൽ പിന്നീട് ഇത് വീണ്ടും പുനഃസ്ഥാപിക്കുകയായിരുന്നു.