ഡൽഹി കലാപക്കേസിൽ മനുഷ്യാവകാശ പ്രവർത്തകനും, മുൻ ജെ.എൻ.യു നേതാവുമായ ഉമർ ഖാലിദിനെ യുഎപിഎ ചുമത്തി ഡൽഹി പൊലീസ് അറസ്റ്റ് ചെയ്തു. പത്ത് മണിക്കൂർ ചോദ്യം ചെയ്യലിനൊടുവിലാണ് അറസ്റ്റ് രേഖപ്പെടുത്തിയത്. ചില സംഘടനകളും വ്യക്തികളുമായി ഗൂഢാലോചന നടത്തി കലാപം ആസൂത്രണം ചെയ്‌തെന്നാണ് കുറ്റം. അന്തിമ കുറ്റപത്രം സമർപ്പിക്കാനിരിക്കെയാണ് ഡൽഹി സ്പെഷ്യൽ സെൽ യൂണിറ്റ്, ഉമർ ഖാലിദിനെ ഇന്നലെ വിളിച്ചുവരുത്തിയത്.
ജൂലൈ 31ന് ഉമർ ഖാലിദിനെ അന്വേഷണ സംഘം ചോദ്യം ചെയ്തിരുന്നു. അന്ന് അദ്ദേഹത്തിന്റെ ഫോൺ അന്വേഷണ സംഘം പിടിച്ചെടുത്തിരുന്നു. ഇതിന് പിന്നാലെ ഇന്നലെ വീണ്ടും ഉമർ ഖാലിദിനോട് ചോദ്യം ചെയ്യലിന് ഹാജരാകാൻ ആവശ്യപ്പെടുകയായിരുന്നു. ലോധി കോളനിയിലെ സ്പെഷ്യൽ സെൽ ഓഫിസിൽ വച്ചായിരുന്നു ചോദ്യം ചെയ്യൽ.
Read more
രണ്ട് സ്ഥലങ്ങളിലായി പ്രകോപനപരമായ പ്രസംഗങ്ങൾ ഉമർ ഖാലിദ് നടത്തിയതായി എഫ്ഐആറിൽ പറയുന്നു. അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപിന്റെ സന്ദർശന ദിവസം ജനങ്ങളോട് തെരുവിലിറങ്ങി റോഡിൽ തടസം സൃഷ്ടിക്കാൻ ഉമർ ഖാലിദ് ആഹ്വാനം ചെയ്തതായും എഫ്ഐആറിൽ രേഖപ്പെടുത്തിയിട്ടുണ്ട്. ഇന്ന് ഉമർ ഖാലിദിനെ ഡൽഹി കോടതിയിൽ ഹാജരാക്കും.