ഡല്‍ഹി കലാപത്തിനിടയില്‍ ഐ.ബി. ഉദ്യോഗസ്ഥന്‍ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ അറസ്റ്റിലായ ആം ആദ്മി പാര്‍ട്ടി നേതാവ് താഹിര്‍ ഹുസൈന്റെ സഹോദരന്‍ ഷാ ആലം അറസ്റ്റില്‍. കേസുമായി ബന്ധപ്പെട്ട് ഷാ ആലമിന്റെ പേരും ഉയര്‍ന്നുവന്നതിനെതുടര്‍ന്നാണ് അറസ്റ്റ്.
വടക്കുകിഴക്കന്‍ ഡല്‍ഹിയിലുണ്ടായ കലാപത്തിനിടെ അജിത് ശര്‍മയെ കൊലപ്പെടുത്തിയ കേസില്‍ വ്യാഴാഴ്ചയാണ് താഹിര്‍ ഹുസൈനെ ഡല്‍ഹി പോലീസ് അറസ്റ്റ് ചെയ്തത്. കൊലപാതകത്തിന് പിന്നില്‍ താഹിര്‍ ഹുസൈനാണെന്ന ശര്‍മയുടെ പിതാവ് രവീന്ദര്‍ കുമാര്‍ മൊഴി നല്‍കിയിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലാണ് താഹിര്‍ ഹുസൈനെ അറസ്റ്റ് ചെയ്തത്. കോടതിയില്‍ ഹാജരാക്കിയ താഹിര്‍ ഹുസൈനെ ഏഴു ദിവസത്തെ പൊലീസ് കസ്റ്റഡിയില്‍ വിട്ടു.
നിലവിലെ അന്വേഷണത്തില്‍ കലാപത്തിനിടെ ചാന്ദ് ബാഗില്‍ പെട്ടുപോയ ചില സ്ത്രീകളെ രക്ഷിക്കുന്നതിനിടെയാണ് ശര്‍മ കൊല്ലപ്പെട്ടതെന്നാണ് പൊലീസിന്റെ നിഗമനം. ശര്‍മ കൊല്ലപ്പെടുമ്പോള്‍ ചാന്ദ് ബാഗ്, മുസ്തഫാബാദ് പരിസരങ്ങളില്‍ താഹിര്‍ ഹുസൈന്‍ ഉണ്ടായിരുന്നതായാണ് സാക്ഷികള്‍ നല്‍കുന്ന വിവരം.
അക്രമത്തിന് ശേഷം ഓടി രക്ഷപ്പെട്ട താഹിര്‍ ഹുസൈന്‍ വ്യാഴാഴ്ചയാണ് കോടതിയില്‍ കീഴടങ്ങിയത്. കൊലപാതകത്തില്‍ പങ്കില്ലെന്നും സംഭവം നടക്കുമ്പോള്‍ പ്രദേശത്ത് ഉണ്ടായിരുന്നില്ലെന്നുമാണ് താഹിര്‍ ഹുസൈന്‍ കോടതിയില്‍ പറഞ്ഞത്. ചാന്ദ് ബാഗ്, മുസ്തഫാബാദ്, സാക്കിര്‍ നഗര്‍ എന്നിവിടങ്ങളിലാണ് ഇയാള്‍ ഒളിവില്‍ കഴിഞ്ഞിരുന്നതെന്നാണ് പോലീസ് പറയുന്നത്.
ഫെബ്രുവരി 23 മുതല്‍ 25 വരെ വടക്കുകിഴക്കന്‍ ഡല്‍ഹിയില്‍ നടന്ന അക്രമവുമായി ബന്ധപ്പെട്ട് 731 കേസുകളാണ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. സംഭവവുമായി ബന്ധപ്പെട്ട് 1,983 പേരെ അറസ്റ്റ് ചെയ്തു. ഡല്‍ഹി കലാപത്തില്‍ 53 പേരാണ് കൊല്ലപ്പെട്ടത്. 400 ഓളം പേര്‍ക്ക് പരിക്കേറ്റു.