ഡല്‍ഹിയിലെ റോഡപകടങ്ങളില്‍ ഇരയാകുന്നവര്‍ക്കുള്ള ചികിത്സാ ചെലവിന്റെ 100 ശതമാനവും ഡല്‍ഹി സര്‍ക്കാര്‍ വഹിക്കും. ഇതു സംബന്ധിച്ച് പുതിയ പദ്ധതിക്ക് ഡല്‍ഹി ആം ആദ്മി മന്ത്രിസഭ അനുമതി നല്‍കി. റോഡപകടങ്ങളിലോ, ആസിഡ് ആക്രമണത്തിലോ പരിക്കേല്‍ക്കുന്നവര്‍ക്കുള്ള സ്വകാര്യ, സര്‍ക്കാര്‍ ആശുപത്രികളിലെ മുഴുവന്‍ ചെലവും സര്‍ക്കാര്‍ വഹിക്കുന്ന രീതിയില്‍ ആക്‌സിഡന്റ് വിക്ടിംസ് പോളിസിക്കാണ് മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന്റെ അധ്യക്ഷതയില്‍ ചേര്‍ന്ന മന്ത്രിസഭ അനുമതി നല്‍കിയത്.
ചികിത്സാ ചെലവിന്റെ ഉയര്‍ന്ന പരിധി നിശ്ചയിച്ചിട്ടില്ല. ഡല്‍ഹി സര്‍ക്കാരിന്റെ ഭരണ പ്രദേശത്ത് നടക്കുന്ന അപകടങ്ങളില്‍ പരിക്കേല്‍ക്കുന്ന വിദേശികളടക്കമുള്ളവര്‍ക്ക് വമ്പന്‍ സ്വകാര്യ ആശുപത്രികളില്‍ വരെയുള്ള ചികിത്സാ ചെലവ് സര്‍ക്കാര്‍ നല്‍കും. അപകടത്തില്‍ പരിക്കേല്‍ക്കുന്നവര്‍ക്കും ആസിഡ് ആക്രമണത്തില്‍ ഇരയാകുന്നവര്‍ക്കും ഡല്‍ഹിയിലെ സര്‍ക്കാര്‍ ആശുപത്രികളില്‍ സൗജന്യ ചികിത്സ നേരത്തെ നിലവിലുണ്ട്. പുതിയ നയം അനുസരിച്ച് ചികിത്സയ്ക്കായി നല്‍കപ്പെടുന്ന ബില്ലുകളും സര്‍ക്കാര്‍ അടക്കും.
ചികിത്സാ രേഖകള്‍ കൃത്യമാക്കി മാസതവണയായി ബില്‍ നല്‍കാനുമാണ് സ്വകാര്യ ആശുപത്രികളോട് നിര്‍ദേശിക്കുക. സര്‍ക്കാരിന്റെ പരിശോധനയ്ക്ക് ശേഷമാകും ആശുപത്രിക്ക് രോഗിക്കുള്ള ചികിത്സാ ചെലവ് ലഭിക്കുക. ലഫ്റ്റനന്റ് ഗവര്‍ണര്‍ അനുമതി നല്‍കിയാല്‍ അടുത്ത ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ പുതിയ പദ്ധതി പ്രാബല്യത്തില്‍ വരും.
Read more
പരമാവധി ജീവന്‍ രക്ഷിക്കുകയാണ് ഈ പദ്ദതികൊണ്ടുള്ള ലക്ഷ്യമെന്ന് ഡല്‍ഹി ആരോഗ്യ മന്ത്ര സത്യേന്ദ്ര ജെയ്ന്‍ വ്യക്തമാക്കി. അപകടം നടക്കുന്ന സമയത്ത് പരിക്കേറ്റവരുമായി സര്‍ക്കാര്‍ ആശുപത്രി തപ്പിനടക്കേണ്ട അവസ്ഥയാണുള്ളത്. ഇതിനിടയില്‍ പരിക്കേറ്റയാള്‍ക്ക് ചിലപ്പോള്‍ ജീവന്‍ നഷ്ടപ്പെട്ടേക്കാം. എന്നാല്‍, പുതിയ പദ്ധതിയനുസരിച്ച് സ്വകാര്യ ആശുപത്രികളെ കൂടെ ഇതില്‍ ഉള്‍പ്പെടുത്തിയതിനാല്‍ ചികിത്സയ്ക്കായി കൂടുതല്‍ അന്വേഷിച്ചു അലയേണ്ട കാര്യമില്ല. ജെയ്ന്‍ കൂട്ടിച്ചേര്‍ത്തു.