സുപ്രീംകോടതിയിലെ മുതിര്‍ന്ന അഭിഭാഷകന്‍ പ്രശാന്ത് ഭൂഷന്റെ സെമിനാര്‍ അവസാന നിമിഷം റദ്ദാക്കി ഡല്‍ഹി യൂണിവേഴ്സിറ്റി നിയമവിഭാഗം. ഇന്ത്യന്‍ ഭരണഘടനയോടുള്ള വെല്ലുവിളി എന്ന വിഷയത്തിലുള്ള സെമിനാര്‍ ആരംഭിക്കുന്നതിന് 20 മിനിറ്റ് മുമ്പാണ് റദ്ദാക്കിയതായി യൂണിവേഴ്‌സിറ്റി അധികൃതര്‍ അറിയിച്ചത്.
കഴിഞ്ഞ ദിവസം രാവിലെ 11 മണിക്കാണ് പരിപാടി നടത്താന്‍ നിശ്ചയിച്ചിരുന്നത്. വിദ്യാര്‍ത്ഥികളുടെ ‘അനിയന്ത്രിതമായ പെരുമാറ്റ’വും കോണ്‍ഫറന്‍സ് റൂമിന്റെ അറ്റകുറ്റ പണികള്‍ നടക്കുന്നതും ചൂണ്ടിക്കാട്ടി പരിപാടി റദ്ദാക്കുകയാണെന്ന് യൂണിവേഴ്‌സിറ്റിയിലെ നിയമ വിഭാഗം അറിയിക്കുകയായിരുന്നു. എന്നാല്‍ പരിപാടി റദ്ദാക്കാന്‍ സമ്മര്‍ദ്ദമുണ്ടായതാണ് നടപടിക്ക് കാരണമെന്ന് പ്രശാന്ത് ഭൂണ്‍ ആരോപിക്കുന്നു.
യൂണിവേഴ്‌സിറ്റി ക്യാമ്പസിന് അകത്ത് പ്രവേശിക്കാന്‍ സാധിക്കാതെ വന്നതിനാല്‍ അദ്ദേഹം റോഡില്‍ വച്ച് വിദ്യാര്‍ത്ഥികളുമായി സംവദിച്ചു. താന്‍ പുറത്ത് നിന്ന് സംസാരിച്ചപ്പോള്‍ വിദ്യാര്‍ത്ഥികള്‍ ആരും അസ്വസ്ഥരായിരുന്നില്ലെന്ന് പ്രശാന്ത് ഭൂഷണ്‍ ട്വിറ്ററില്‍ കുറിച്ചു.
ഒരു വിദ്യാര്‍ത്ഥി പോലും പ്രസംഗത്തെ എതിര്‍ത്തില്ല. തന്നെ സംസാരിക്കാന്‍ അനുവദിക്കരുതെന്ന് യൂണിവേഴ്സിറ്റി അധികൃതര്‍ നിര്‍ദ്ദേശം നല്‍കിയിരുന്നതായി വ്യക്തമായി. ഞാന്‍ പറയുന്നത് കേള്‍ക്കാന്‍ ആഗ്രഹിക്കുന്ന വിദ്യാര്‍ത്ഥികളുമായാണ് സംവദിച്ചത് എന്നും അദ്ദേഹം ട്വീറ്റ് ചെയ്തു.