ഡൽഹിയെ ഇനി രേഖ ഗുപത നയിക്കും; പുതിയ മുഖ്യമന്ത്രിയായി അധികാരമേറ്റു

ഡൽഹിയുടെ പുതിയ മുഖ്യമന്ത്രിയായി രേഖ ഗുപത അധികാരമേറ്റു. ഡൽഹിയിലെ രാംലീല ഗ്രൗണ്ടിൽ നടന്ന മെഗാ പരിപാടിയിലായിരുന്നു സത്യപ്രതിജ്ഞ. സുഷമ സ്വരാജ്, ഷീല ദീക്ഷിത്, അതിഷി എന്നിവർക്ക് ശേഷം ഡൽഹിയുടെ നാലാമത്തെ വനിതാ മുഖ്യമന്ത്രിയായാണ് രേഖ ഗുപ്‌ത അധികാരമേൽക്കുന്നത്. ഷാലിമാർ ബാഗ് മണ്ഡലത്തിൽ നിന്നുള്ള എംഎൽഎയായ രേഖ ഗുപ്‌തയാണ് ഡൽഹിയിലെ ബിജെപി സർക്കാരിനെ നയിക്കുക.

ലെഫ്. ഗവര്‍ണര്‍ വി കെ സക്സേന സത്യവാചകം ചെല്ലിക്കൊടുത്തു. പര്‍വേഷ് വര്‍മ ഉപമുഖ്യമന്ത്രിയായും സത്യപ്രതിജ്ഞ ചെയ്തു. ആശിഷ് സൂദ്, പങ്കജ് സിങ്, മഞ്ജീന്ദര്‍ സിങ് സിര്‍സ, കപില്‍ മിശ്ര, രവീന്ദ്ര ഇന്ദാർജ് സിങ് എന്നിവരും രേഖയ്‌ക്കൊപ്പം സത്യപ്രതിജ്ഞ ചെയ്തു. പ്രധാനമന്ത്രി നരേന്ദ്ര മോദി, കേന്ദ്ര മന്ത്രിമാരായ അമിത് ഷാ, പ്രതിരോധ മന്ത്രി രാജ്‌നാഥ് സിങ്, ജെ പി നദ്ദ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളില്‍ നിന്നുള്ള മുഖ്യമന്ത്രിമാര്‍, ഉപമുഖ്യമന്ത്രിമാര്‍, പ്രധാനപ്പെട്ട എന്‍ഡിഎ നേതാക്കള്‍, എന്നിവര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു.

ഷാലിമാര്‍ബാഗ് മണ്ഡലത്തില്‍ 29595 വോട്ടിന്റെ ഭൂരിപക്ഷത്തില്‍ വിജയിച്ച രേഖ ഗുപ്ത മഹിളാ മോര്‍ച്ച ദേശീയ വൈസ് പ്രസിഡന്റാണ്. മുഖ്യമന്ത്രി സ്ഥാനത്തേക്ക് വനിതയെ ആയിരിക്കും ബിജെപി നിയോഗിക്കുക എന്ന വാര്‍ത്തകള്‍ നേരത്തെ പുറത്തുവന്നിരുന്നു. അതിനിര്‍ണായക ചര്‍ച്ചകള്‍ക്കൊടുവിലാണ് ബിജെപിയുടെ പ്രഖ്യാപനം. വോട്ടെണ്ണലിന് ശേഷം പതിനൊന്നാം നാളാണ് ബിജെപി മുഖ്യമന്ത്രിയെ പ്രഖ്യാപിക്കുന്നത്.

27 വര്‍ഷത്തിന് ശേഷമാണ് ബിജെപി ദില്ലിയില്‍ ഭരണം പിടിച്ചെടുക്കുന്നത്. ഡല്‍ഹിയിലെ ആദ്യ നിയമസഭാ തിരഞ്ഞെടുപ്പില്‍ 1998ല്‍ സുഷമാ സ്വരാജ് മുഖ്യമന്ത്രിയായിരുന്നു. 70 അംഗ നിയമസഭയില്‍ 48 സീറ്റുകളിലാണ് ബിജെപി ജയിച്ചത്. 2019 ലോക്സഭാ തിരഞ്ഞെടുപ്പില്‍ 5,78,486 വോട്ടുകളുടെ ചരിത്ര വിജയമാണ് പര്‍വേശ് വര്‍മ്മ മുന്‍പ് നേടിയിട്ടുള്ളത്.

Read more