പൗരത്വ നിയമ ഭേദഗതിക്കെതിരായി ഷഹീൻ ബാഗിൽ മുസ്ലിം സ്ത്രീകൾ നടത്തുന്ന സമാധാനപരമായ സമരത്തിന് തുല്യമായ മറ്റൊരു സമരം ഈ നൂറ്റാണ്ടിൽ ലോകത്തെവിടെയും കാണാനാവില്ലെന്ന് ഡൽഹി മുൻ ലഫ്റ്റനൻറ് ഗവർണർ നജീബ് ജംഗ്. പ്രതിഷേധക്കാർ ജാഥയിൽ വിളിക്കുന്ന ‘ലാ ഇലാഹ ഇല്ലല്ലാഹ് ’ മുദ്രാവാക്യം വർഗീയമല്ലെന്നും അദ്ദേഹം പറഞ്ഞു. ന്യൂസ് 18-ന് നൽകിയ അഭിമുഖത്തിലാണ് അദ്ദേഹം ഇക്കാര്യം വ്യക്തമാക്കിയത്.
കഴിഞ്ഞ ആറു വർഷമായി ഇന്ത്യയിലെ മുസ്ലിംങ്ങളും ക്രിസ്ത്യാനികളും മറ്റ് ന്യൂനപക്ഷങ്ങളും ആശങ്കയിലാണ്. ഇപ്പോൾ പൗരത്വ ഭേദഗതി നിയമത്തിലൂടെ ആ അരക്ഷിതാവസ്ഥ രൂക്ഷമായിരിക്കുന്നു. ലോക രാജ്യങ്ങൾക്കു മുന്നിൽ ഇന്ത്യയുടെ പ്രതിച്ഛായ തകർന്നിരിക്കുകയാണ്. ഒരുകാലത്ത് ഇന്ത്യയുമായി നല്ല ബന്ധത്തിലായിരുന്ന രാജ്യങ്ങൾ പോലും അകന്നു പോയിരിക്കുകയാണെന്നും നജീബ് ജംഗ് അഭിപ്രായപ്പെട്ടു.
ജാമിയ മിലിയ കാമ്പസിലും ജെ.എൻ.യു കാമ്പസിലും നടന്ന അക്രമങ്ങൾ അമ്പരപ്പിക്കുന്നതാണെന്നും ഒരിക്കലും നടക്കാൻ പാടില്ലാത്തതായിരുന്നവെന്നും ജാമിയ മിലിയയിലെ മുൻ വൈസ് ചാൻസലർ കൂടിയായ അദ്ദേഹം പറഞ്ഞു. ലൈബ്രറി ഹാളിൽ നടന്ന പൊലീസ് അക്രമങ്ങൾ കേട്ടുകേഴ്വയില്ലാത്തതാണ്. അങ്ങേയറ്റം മതേതരമായ ഒരു കാമ്പസാണ് ജാമിയയിൽ. പരിക്കേറ്റ പല വിദ്യാർത്ഥികളുടെയും നില ഗുരുതരമാണ്. ഒരാളുടെ കണ്ണ് തന്നെ നഷ്ടമായി. ആ വിദ്യാർത്ഥിയുടെ ഭാവി ഇനി എന്താകുമെന്ന് ആശങ്കയുണ്ട്.
ഇപ്പോഴത്തെ ലഫ്. ഗവർണർ അനിൽ ബൈജാലിനെ തനിക്ക് പരിചയമുണ്ടെന്നും അദ്ദേഹത്തിൻെറ അറിവോടെയായിരിക്കില്ല പൊലീസ് അക്രമങ്ങൾ അഴിച്ചുവിട്ടതെന്നും നജീബ് പറഞ്ഞു. ജാമിയയിലെ വിദ്യാർത്ഥികളെ സന്ദർശിച്ച അദ്ദേഹം പ്രതിഷേധത്തിലേർപ്പെട്ടിരിക്കുന്ന വിദ്യാർത്ഥികൾക്ക് ഐക്യദാർഢ്യം പ്രഖ്യാപിച്ച് ഇന്ത്യൻ ഭരണഘടനയുടെ ആമുഖം വായിച്ചു.
ഡൽഹി ലഫ്. ഗവർണറായിരിക്കെ മുഖ്യമന്ത്രി അരവിന്ദ് കെജരിവാളുമായി എന്നും തർക്കത്തിലാവുകയും ചെയ്തിരുന്ന ആളായിരുന്നു നജീബ് ജംഗ്. അതുകൊണ്ട് തന്നെ ബി.ജെ.പിയുടെ പ്രീതി പിടിച്ചുപറ്റുകയും ചെയ്തിരുന്ന നജീബ് ജംഗ് ഇപ്പോൾ മോദി സർക്കാറിൻെറ മുസ്ലിം വിരുദ്ധ നിലപാടിനെതിരെ രൂക്ഷമായാണ് പ്രതികരിച്ചത്.