ഡെൽറ്റ പ്ലസ് വകഭേദം; മഹാരാഷ്ട്രയിൽ മൂന്ന് മരണം, ആശങ്ക

രാജ്യത്ത് കോവിഡ് വ്യാപനത്തിനിടെ മഹാരാഷ്ട്രയിലെ കോവിഡ് ഡെൽറ്റ പ്ലസ് വകഭേദം കൂടുതൽ ആശങ്ക ഉയർത്തുന്നു. മഹാരാഷ്ട്രയിൽ രോ​ഗബാധ മൂലം മൂന്ന് പേർ മരണപ്പെട്ടു.

രത്‌നഗിരി, മുംബൈ, റായ്ഗഡ് എന്നിവിടങ്ങളിലാണ് മരണം റിപ്പോർട്ട് ചെയ്തത്. മുംബൈയിൽ മരിച്ച സ്ത്രീ രണ്ട് ഡോസ് വാക്‌സിൻ എടുത്തിരുന്നുവെങ്കിലും മറ്റ് അസുഖങ്ങൾ ഉണ്ടായിരുന്നതായാണ് റിപ്പോർട്ടുകൾ.

മാസങ്ങളായി തുടരുന്ന കടുത്ത കോവിഡ് നിയന്ത്രണങ്ങളിൽ ഇളവു വരുത്താൻ സംസ്ഥാനം ശ്രമിക്കുന്നതിനിടയിലാണ് പുതിയ വകഭേദം മഹാരാഷ്ട്രയിൽ വ്യാപകമാവുന്നത്.

ജൂലൈ 27ന് മുംബൈയിൽ മരിച്ച 63 വയസ്സുള്ള ഒരു സ്ത്രീയ്ക്കാണ് ഡെൽറ്റ പ്ലസ് വകഭേദമാണെന്ന് സ്ഥിരീകരിച്ചത്. സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് വകഭേദം മൂലമുള്ള കേസുകൾ 65 ആയി വർദ്ധിച്ചതായി മഹാരാഷ്ട്ര ആരോഗ്യ വകുപ്പ് ബുധനാഴ്ച അറിയിച്ചിരുന്നു.

ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് ജിനോമിക്‌സ് ഇന്റഗ്രേറ്റീവ് ബയോളജി ലബോറട്ടറിയിൽ നടത്തിയ പരിശോധനയിൽ 20 രോഗികളെ കൂടി കണ്ടെത്തിയതോടെയാണ് സംസ്ഥാനത്ത് ഡെൽറ്റ പ്ലസ് ബാധിച്ചവരുടെ എണ്ണം 65 ആയി ഉയർന്നത്.

ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചവരിൽ അധികവും 19 നും 45 നും ഇടയിൽ പ്രായമുള്ളവരാണ്. ഈ വിഭാഗത്തിൽ നിന്ന് 33 പേർക്ക് ഡെൽറ്റ പ്ലസ് വകഭേദം ബാധിച്ചു.

46 മുതൽ 60 വയസ്സുവരെയുള്ള പ്രായമുള്ളവരിൽ 17 രോഗികളുണ്ട്. 18 വയസ്സിന് താഴെയുള്ള പേർക്കും 60 വയസ്സിന് മുകളിലുള്ള എട്ട് പേർക്കും ഡൽറ്റ പ്ലസ് ബാധിച്ചിട്ടുണ്ടെന്നും കണക്കുകൾ പറയുന്നു.