ഔറംഗസേബിൻ്റെ ശവകുടീരം പൊളിക്കണമെന്ന ആവശ്യം; സംഘർഷത്തിന് പിന്നാലെ നാ​ഗ്പൂരിൽ കർഫ്യൂ പ്രഖ്യാപിച്ചു

മുഗൾ ചക്രവർത്തി ഔറംഗസേബിൻ്റെ മഹാരാഷ്ട്രയിലെ സംഭാജി നഗറിലെ ശവകുടീരം പൊളിക്കണമെന്ന് ആവശ്യപ്പെട്ടുള്ള പ്രതിഷേധ പ്രകടനത്തിന് പിന്നാലെ നാ​ഗ്പൂരിൽ സംഘർഷം. വിശ്വഹിന്ദു പരിഷത്തും, ബംജ്റംഗ്ദളുമാണ് നഗരത്തിൽ പ്രതിഷേധ പ്രകടനം നടത്തിയത്. പിന്നാലെ നഗരത്തിൽ കർഫ്യു പ്രഖ്യാപിച്ചു.

നാ​ഗ്പൂരിലെ മഹൽ പ്രദേശത്ത് രണ്ട് വിഭാ​ഗങ്ങൾ തമ്മിലുണ്ടായ സംഘർഷത്തിൽ 15 പൊലീസുകാർ ഉൾപ്പെടെ 20ഓളം പേർക്ക് പരിക്കേറ്റു. 25 ഓളം ബൈക്കുകളും മൂന്ന് കാറുകളും കത്തിച്ചു. സംഭവത്തിൽ 17 പേരെ കസ്റ്റഡിയിലെടുത്തു. നിരവധി വാഹനങ്ങളും വീടുകളും ആക്രമിക്കപ്പെട്ട ഇടങ്ങളിൽ കനത്ത പൊലീസ് കാവൽ ഏർപ്പെടുത്തിയിരിക്കുകയാണ്.

പ്രതിഷേധ പ്രകടനത്തിന് ശേഷം മഹൽ പ്രദേശത്ത് നടന്ന ആക്രമണത്തിന് പിന്നാലെ നാഗ്പൂരിലെ ഹൻസപുരിയിൽ രാത്രി 10:30 നും 11:30 നും ഇടയിൽ സംഘർഷം പൊട്ടിപ്പുറപ്പെട്ടു. അക്രമാസക്തരായ ജനക്കൂട്ടം നിരവധി വാഹനങ്ങൾ കത്തിക്കുകയും പ്രദേശത്തെ വീടുകളും ഒരു ക്ലിനിക്കും നശിപ്പിക്കുകയും ചെയ്തതായാണ് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്യുന്നത്.

Read more

ജനങ്ങൾ സമാധാനം പാലിക്കാൻ മഹാരാഷ്ട്ര മുഖ്യമന്ത്രി ദേവേന്ദ്ര ഫഡ്‌നാവിസ് ആഹ്വാനം ചെയ്തു. നിയമവാഴ്ച ഉറപ്പാക്കാൻ ശക്തമായ നടപടി സ്വീകരിക്കാൻ പൊലീസിന് നിർദേശം നൽകിയതായി ഫഡ്നാവിസ് പറഞ്ഞു. അഭ്യൂഹങ്ങളിൽ വിശ്വസിക്കരുതെന്നും ഫഡ്നാവിസ് അഭ്യർത്ഥിച്ചു.