'വിടവാങ്ങിയത് ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകന്‍'; 'ആ വിടവ് ഇനിയെന്നും തന്നെ അലട്ടും'; സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി

അന്തരിച്ച സിപിഎം ദേശീയ ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയ്ക്ക് ആദരാഞ്ജലികള്‍ അര്‍പ്പിച്ച് രാഹുല്‍ ഗാന്ധി. സീതാറാം യെച്ചൂരി തന്റെ സുഹൃത്തായിരുന്നുവെന്ന് രാഹുല്‍ ഗാന്ധി കുറിച്ചു. ഫേസ്ബുക്കിലൂടെ ആയിരുന്നു രാഹുല്‍ ഗാന്ധി അനുശോചനം അര്‍പ്പിച്ചത്. ഇന്ത്യ മുന്നണിയുടെ സ്ഥാപകരില്‍ ഒരാളായ സീതാറാം യെച്ചൂരിയുമായി രാഹുല്‍ ഗാന്ധി അടുത്ത സൗഹൃദം പുലര്‍ത്തിയിരുന്നു.

സീതാറാം യെച്ചൂരി തന്റെ സുഹൃത്തായിരുന്നു. രാജ്യത്തെ ഏറ്റവും ആഴത്തില്‍ മനസിലാക്കിയ ഇന്ത്യ എന്ന ആശയത്തിന്റെ സംരക്ഷകന്‍. തങ്ങള്‍ തമ്മിലുണ്ടായിരുന്ന നീണ്ട ചര്‍ച്ചകളുടെ അഭാവം ഇനിയെന്നും തന്നെ അലട്ടും. ദുഃഖത്തിന്റെ ഈ നിര്‍ണായക മണിക്കൂറുകളില്‍ അദ്ദേഹത്തിന്റെ കുടുംബത്തിനും സുഹൃത്തുക്കള്‍ക്കും അനുയായികള്‍ക്കും തന്റെ ആത്മാര്‍ത്ഥമായ അനുശോചനം അറിയിക്കുന്നുവെന്നാണ് രാഹുല്‍ കുറിച്ചത്.

ഇക്കഴിഞ്ഞ ലോക്സഭ തിരഞ്ഞെടുപ്പില്‍ ഇന്ത്യ മുന്നണിയുടെയും സിപിഎമ്മിന്റെയും താര പ്രചാരകനായിരുന്നു സീതാറാം യെച്ചൂരി. ഇന്ത്യ മുന്നണിയുടെ നയരൂപീകരണത്തിലും യെച്ചൂരി പങ്ക് ശ്രദ്ധേയമായിരുന്നു. കോണ്‍ഗ്രസുമായി സഖ്യം ചേരുന്നതില്‍ സിപിഎം കേരള ഘടകത്തില്‍ നിന്നുണ്ടായ എതിര്‍പ്പ് മറികടക്കാനായത് സീതാറാം യെച്ചൂരിയുടെ പ്രയത്‌നത്തിലൂടെയായിരുന്നു.

സിപിഎം കേന്ദ്ര ഭരണത്തിനെതിരെ പ്രതിപക്ഷ സഖ്യത്തിനൊപ്പം നിലകൊള്ളണമെന്നത് യെച്ചൂരിയുടെ നിര്‍ബന്ധത്തിന്റെ ഫലമായിരുന്നു. 72 വയസായിരുന്നു യെച്ചൂരിയ്ക്ക്. ഡല്‍ഹി എയിംസില്‍ ചികിത്സയിലിരിക്കെയാണ് അന്ത്യം. കടുത്ത പനിയെ തുടര്‍ന്നായിരുന്നു യെച്ചൂരിയെ ആശുപത്രിയിലെത്തിച്ചത്. മൂന്ന് ദിവസം മുന്‍പ് യെച്ചൂരിയുടെ ആരോഗ്യനിലയില്‍ പുരോഗതിയുണ്ടെന്ന് ആശുപത്രി അധികൃതര്‍ അറിയിച്ചിരുന്നു.

എന്നാല്‍ കഴിഞ്ഞ ദിവസം ആരോഗ്യ നില വീണ്ടും വഷളായതായി പാര്‍ട്ടി വൃത്തങ്ങള്‍ വ്യക്തമാക്കിയിരുന്നു. ശ്വാസ കോശത്തിലെ അണുബാധയെ തുടര്‍ന്ന് വെന്റിലേറ്ററില്‍ കഴിയുമ്പോഴായിരുന്നു അന്ത്യം. 2015ല്‍ പ്രകാശ് കാരാട്ട് ദേശീയ ജനറല്‍ സെക്രട്ടറി സ്ഥാനത്ത് ചുമതല ഒഴിഞ്ഞ ശേഷമായിരുന്നു യെച്ചൂരി ദേശീയ ജനറല്‍ സെക്രട്ടറിയായി ചുമതലയേല്‍ക്കുന്നത്.

Read more