കോണ്‍ഗ്രസ് അധ്യക്ഷ പദവിയില്‍ നിന്ന് രാഹുല്‍ ഗാന്ധി രാജിവെയ്ക്കുമെന്ന തീരുമാനത്തില്‍ മാറ്റമില്ലാതെ തുടരുന്ന സാഹചര്യത്തില്‍ കോണ്‍ഗ്രസ് വിഷമഘട്ടത്തിലായി. മറ്റൊരാളെ പാര്‍ട്ടി അധ്യക്ഷ സ്ഥാനത്തേക്ക് തീരുമാനിക്കാനാണ് രാഹുലിന്റെ നിര്‍ദേശം. തീരുമാനത്തില്‍ നിന്ന് പിന്നോട്ട് പോകാന്‍ നിരവധി മുതിര്‍ന്ന നേതാക്കള്‍ അഭ്യര്‍ത്ഥിച്ചെങ്കിലും ഉറച്ച നിലപാടില്‍ തന്നെയാണ് രാഹുല്‍.
പുതിയ നേതാവ് ആരെന്ന ചോദ്യമാണ് കോണ്‍ഗ്രസിനുള്ളില്‍ പുകയുന്നത്. നേതൃത്വം നല്‍കാന്‍ മികച്ച നേതാക്കന്മാരില്ലെന്ന ആരോപണം ഉന്നയിച്ച് പ്രമുഖ നേതാക്കളില്‍ പലരും ബിജെപിയിലേക്ക് ചേക്കേറുന്നതും വലിയ പ്രതിസന്ധിയാണ് കോണ്‍ഗ്രസില്‍ സൃഷ്ടിച്ചിരിക്കുന്നത്. മുതിര്‍ന്ന നേതാക്കളുടെ പിടിവാശിയും നിലപാടുകളുമാണ് തോല്‍വിക്ക് കാരണമെന്ന് പരസ്യമായി രാഹുല്‍ വിമര്‍ശിച്ചിരുന്നു. പാര്‍ട്ടി നേതാക്കള്‍ പലരും നേരിട്ട് സംസാരിച്ചെങ്കിലും യാതൊരു ഫലവുമുണ്ടായില്ല. ഡിഎംകെ അധ്യക്ഷന്‍ എം കെ സ്റ്റാലിനും രാഹുലിനെ ഫോണില്‍ വിളിച്ച് സംസാരിച്ചിരുന്നു.