ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം; ഫുഡ് വ്‌ളോഗര്‍ക്കെതിരെ കേസെടുക്കാന്‍ നിര്‍ദ്ദേശം നല്‍കി ആരോഗ്യ വകുപ്പ്; വീഡിയോ കണ്ടത് രണ്ട് മില്ല്യണ്‍ ആളുകള്‍

ഗര്‍ഭസ്ഥ ശിശുവിന്റെ ലിംഗനിര്‍ണയം നടത്തിയ സംഭവത്തില്‍ തമിഴ് ഫുഡ് വ്‌ളോഗര്‍ക്ക് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചു. ഇന്ത്യയില്‍ നിയമവിരുദ്ധമായതിനാല്‍ വ്‌ളോഗറും ഭാര്യയും ദുബായില്‍ പോയി ലിംഗനിര്‍ണയം നടത്തുകയായിരുന്നു. തമിഴ് ഫുഡ് വ്‌ളോഗര്‍ ഇര്‍ഫാനാണ് ഇതേ തുടര്‍ന്ന് ആരോഗ്യ വകുപ്പ് നോട്ടീസ് അയച്ചത്.

സംഭവത്തിന്റെ വീഡിയോ ഇര്‍ഫാന്‍ തന്റെ യൂട്യൂബ് ചാനലില്‍ പങ്കുവച്ചിരുന്നു. തുടര്‍ന്ന് മടങ്ങിയെത്തിയ ഇര്‍ഫാന്‍ സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നടത്തിയാണ് ലിംഗ നിര്‍ണയം പരസ്യപ്പെടുത്തിയത്. ഈ സംഭവത്തിന്റെയും വീഡിയോ ഇയാള്‍ യൂട്യൂബില്‍ പങ്കുവച്ചിരുന്നു. ലിംഗ നിര്‍ണയം നടത്തി ഫലം പരസ്യപ്പെടുത്തിയതിനാണ് ആരോഗ്യ വകുപ്പ് ഇയാള്‍ക്ക് നോട്ടീസ് നല്‍കിയിരിക്കുന്നത്.

ദുബായിലെ ആശുപത്രിയിലെത്തി ലിംഗ നിര്‍ണയം നടത്തിയ സംഭവത്തിന്റെ വീഡിയോ ഇതോടകം ഒരു മില്ല്യണ്‍ ആളുകള്‍ കണ്ടുകഴിഞ്ഞു. ലിംഗ നിര്‍ണയം നടത്തിയ ശേഷം സുഹൃത്തുക്കള്‍ക്ക് പാര്‍ട്ടി നല്‍കി വിവരം പരസ്യപ്പെടുത്തുന്ന വീഡിയോ ഇതുവരെ രണ്ട് മില്ല്യണ്‍ ആളുകള്‍ കണ്ടു. 4.28 മില്ല്യണ്‍ സബ്‌സ്‌ക്രൈബേഴ്‌സുള്ള ചാനലാണ് ഇന്‍ഫാന്റേത്.

രണ്ട് സംഭവങ്ങളുടെയും വീഡിയോ യൂട്യൂബ് ഉള്‍പ്പെടെയുള്ള സാമൂഹ്യ മാധ്യമങ്ങളില്‍ നിന്ന് നീക്കം ചെയ്യണമെന്ന് സൈബര്‍ ക്രൈം വിഭാഗത്തോട് ആരോഗ്യ വകുപ്പ് അറിയിച്ചിട്ടുണ്ട്. സംഭവത്തില്‍ ഇര്‍ഫാനെതിരെ പൊലീസ് കേസെടുക്കാനും ആരോഗ്യ വകുപ്പ് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.