'മഹാതര്‍ക്കം' തീര്‍ന്നു, ദേവേന്ദ്ര ഫഡ്‌നാവിസ് മുഖ്യമന്ത്രിയായി സത്യപ്രതിജ്ഞ ചെയ്തു അധികാരമേറ്റു; ഉപമുഖ്യമന്ത്രിയായി ഷിന്‍ഡെയും അജിത് പവാറും; സാക്ഷിയായി പ്രധാനമന്ത്രി മോദിയടക്കം വന്‍ ബിജെപി നിര

മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയായി ബിജെപി നേതാവ് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേറ്റു. മഹാരാഷ്ട്രയില്‍ മൂന്നാം തവണയാണ് മുഖ്യമന്ത്രി സ്ഥാനത്തേക്ക് ദേവേന്ദ്ര ഫഡ്‌നാവിസ് സത്യപ്രതിജ്ഞ ചെയ്ത് അധികാരമേല്‍ക്കുന്നത്. രണ്ടാഴ്ചയായി നിലനിന്ന മുഖ്യമന്ത്രി സ്ഥാന ചര്‍ച്ചകള്‍ക്കും വകുപ്പ് വിഭജന തര്‍ക്കങ്ങള്‍ക്കും ഒടുവിലാണ് മഹാരാഷ്ട്രയിലെ ആസാദ് മൈതാനിയില്‍ മഹായുതി സര്‍ക്കാര്‍ അധികാരമേറ്റത്. ഉപമുഖ്യമന്ത്രിമാരായി ശിവസേനയുടെ ഏക്‌നാഥ് ഷിന്‍ഡെയും എന്‍സിപിയുടെ അജിത് പവാറും ചുമതലയേറ്റു.

ആറ് തവണ എംഎല്‍എയായ ഫഡ്‌നാവിസ് മൂന്നാം തവണയാണ് മഹാരാഷ്ട്രയില്‍ മുഖ്യമന്ത്രിയാകുന്നത്. കഴിഞ്ഞ കുറി ഉപമുഖ്യമന്ത്രിയായി വിട്ടുവീഴ്ച ചെയ്ത് നിലനിര്‍ത്തിയ മുന്നണി ഇക്കുറി വമ്പന്‍ വിജയത്തോടെയാണ് ബിജെപി കൈപ്പിടിയിലൊതുക്കിയത്. 288 അംഗ നിയമസഭയില്‍ കേവലഭൂരപക്ഷമായ 145ന് തൊട്ടടുത്ത് 132 വരെ ബിജെപി ഒറ്റയ്‌ക്കെത്തി. ഷിന്‍ഡെയുടെ ശിവസേന 57ഉം അജിത് പവാറിന്റെ എന്‍സിപി 41ഉം സീറ്റ് നേടി. മുഖ്യമന്ത്രി സ്ഥാനം കയ്യിലുണ്ടായിരുന്ന ഷിന്‍ഡെ വലിയ രീതിയില്‍ തുടര്‍ഭരണ കാലത്തും സ്ഥാനത്തിന് വേണ്ടി സമ്മര്‍ദ്ദം ചെലുത്തിയതോടെയാണ് മഹായുതിയിലെ ചര്‍ച്ചകള്‍ നീണ്ടതും ഒടുവില്‍ സത്യപ്രതിജ്ഞ വൈകിയതും. മുഖ്യമന്ത്രി സ്ഥാനം പങ്കിടണമെന്ന നിലപാടിലായിരുന്നു ശിവസേന നേതാവ് ഏക്‌നാഥ് ഷിന്ദെ മഹായുതി യോഗങ്ങളില്‍ പങ്കെടുക്കാതെ സമ്മര്‍ദ്ദം ചെലുത്തി ആവശ്യപ്പെട്ടത്.

മുഖ്യമന്ത്രിയുടെയും ഉപമുഖ്യമന്ത്രിമാരുടെയും സത്യപ്രതിജ്ഞ മാത്രമാണ് ഇന്ന് നടന്നത്. മറ്റ് മന്ത്രിമാരേയും വകുപ്പുകളും പിന്നീട് തീരുമാനിക്കും.  രണ്ടാഴ്ചയോളം നീണ്ട രാഷ്ട്രിയ അനിശ്ചിതത്വത്തിനൊടുവിലാണ് മുഖ്യമന്ത്രി സ്ഥാനത്തിന്റെ കാര്യത്തിലും തന്ത്രപ്രധാന വകുപ്പുകളുടെ കാര്യത്തിലും മുന്നണിയിലെ കക്ഷികള്‍ തമ്മില്‍ സമവായത്തിലെത്തിയത്.

സച്ചിന്‍ ടെണ്ടുല്‍ക്കര്‍, ഷാരൂഖ് ഖാന്‍, മാധുരി ദീക്ഷിത്,  കുമാര്‍ മംഗലം ബിര്‍ള തുടങ്ങിയ പ്രമുഖര്‍ ഉള്‍പ്പെടെ 42,000-ത്തിലധികം പേര്‍ സത്യപ്രതിജ്ഞാ ചടങ്ങില്‍ പങ്കെടുത്തു. പ്രധാനമന്ത്രി മോദിയെ കൂടാതെ നിരവധി കേന്ദ്രമന്ത്രിമാരും മുഖ്യമന്ത്രിമാരും വിവിധ സംസ്ഥാനങ്ങളില്‍ നിന്നുള്ള ഉപമുഖ്യമന്ത്രിമാരും മുംബൈയിലെ ആസാദ് മൈതാനിയില്‍ സന്നിഹിതരായിരുന്നു.