ദേശീയ മാധ്യമങ്ങളിലും ദേശീയ രാഷ്ട്രീയത്തിലും അടുത്തിടെ വലിയ ചർച്ചകൾക്കു തിരികൊളുത്തിയ യൂട്യൂബറാണ് ധ്രുവ് റാഠി. മോദിയുടെ മുഖ്യ വിമർശകനായ ധ്രുവ്, ഇന്ത്യയിലെ ജനങ്ങളിലേക്ക് ആഴത്തിലിറങ്ങാൻ ഹിന്ദിക്ക് പുറമെ ഇപ്പോൾ അഞ്ച് ഇന്ത്യൻ പ്രാദേശിക ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിച്ചിരിക്കുകയാണ്. തമിഴ്, തെലുങ്ക്, കന്നഡ, ബംഗാളി, മറാഠി എന്നീ ഭാഷകളിലാണ് ധ്രുവ് പുതുതായി ചാനലുകൾ ആരംഭിച്ചത്.
സൈബർ ലോകത്ത് കൂടുതൽ ജനകീയമായതോടെയാണ് മൂന്ന് ദക്ഷിണേന്ത്യൻ ഭാഷകളിൽ അടക്കം അഞ്ച് ഭാഷകളിൽ കൂടി യൂട്യൂബ് ചാനലുകൾ ആരംഭിക്കാൻ ധ്രുവ് തീരുമാനിച്ചത്. പ്രധാനമന്ത്രി നരേന്ദ്ര മോദിക്കു കീഴിൽ ഇന്ത്യ ഏകാധിപത്യരാജ്യമായി മാറുകയാണെന്നു മുന്നറിയിപ്പ് നൽകുന്ന വീഡിയോയിലൂടെയാണ് ധ്രുവ് റാഠി അടുത്തിടെ വാർത്തകളിൽ നിറഞ്ഞത്. അരവിന്ദ് കെജ്‌രിവാളിനെ ഇഡി അറസ്റ്റ് ചെയ്ത് ജയിലിലടച്ചപ്പോൾ ‘ഇന്ത്യയിൽ ഏകാധിപത്യ ഭരണമോ?’ എന്ന തലക്കെട്ടിൽ പുറത്തിറക്കിയ ആ വീഡിയോ ഇതിനകം രണ്ടേമുക്കാൽ കോടിയിലേറെ പേരാണ് കണ്ടത്.
തിരഞ്ഞെടുപ്പ് ബോണ്ടിനെ കുറിച്ച് ധ്രുവ് പുറത്തിറക്കിയ വീഡിയോയും വലിയ തോതിൽ സ്വീകരിക്കപ്പെട്ടിരുന്നു. ഇന്ത്യയിലെ ഔഷധ വ്യവസായവും സർക്കാരും തമ്മിലുള്ള ബന്ധം, മോദി വേഴ്‌സസ് ഫാർമേഴ്‌സ്, ‘ദ കേരള സ്റ്റോറി’ സിനിമ, ലഡാക്ക് വിഷയം, കർഷക സമരം, രാമക്ഷേത്രം, മണിപ്പൂർ തുടങ്ങി ഇസ്രയേൽ ഗാസ സംഘർഷവും പാകിസ്താനിലെ പ്രശ്നങ്ങളുമടക്കം ധ്രുവിന്റെ വീഡോയോകളിലെ ചർച്ചാ വിഷയങ്ങളായിരുന്നു.
സുദീപ്തോ സെൻ സംവിധാനം ചെയ്ത ‘ദ കേരള സ്റ്റോറി’ എന്ന പ്രൊപ്പഗണ്ട സിനിമ പ്രചരിപിച്ച കള്ളത്തരങ്ങൾ ഒന്നൊന്നായി പൊളിച്ചടുക്കിയാണ് ധ്രുവ് റാഠിയെന്ന യൂട്യൂബർ മലയാളികൾക്ക് ഉൾപ്പെടെ കൂടുതൽ പരിചിതനാകുന്നത്. രണ്ടുകോടിയിലധികം പേരാണ് ഇതിനോടകം ആ വീഡിയോ കണ്ടത്. നിലവിൽ ധ്രുവ് മലയാളത്തിൽ ഔദ്യോഗികമായി ചാനൽ ആരംഭിച്ചിട്ടില്ല. അതേസമയം ‘സുനിത ദേവദാസ്’, ‘ജെബിഐ ടിവി’ പോലുള്ള ചില യൂട്യൂബ് ചാനലുകൾ സ്വതന്ത്രമായി ധ്രുവിന്റെ വീഡിയോ മലയാളത്തിലേക്ക് പരിഭാഷപ്പെടുത്തിയിട്ടുണ്ട്.
ജർമനിയിൽ സ്ഥിരതാമസമാക്കിയ ധ്രുവ് റാഠി എൻജിനീയറിങ് വിദ്യാഭ്യാസത്തിനു ശേഷമാണ് ഈ മേഖലയിലെത്തിയത്. 2014ൽ ട്രാവൽ വ്ളോഗാറായാണ് ധ്രുവിന്റെ തുടക്കം. പിന്നീട് ഇന്ത്യയിലെ സമകാലിക രാഷ്ട്രീയം ചർച്ച ചെയ്യുന്ന തരത്തിലേക്ക് ചാനൽ മാറി. പത്ത് വർഷം കൊണ്ട് ചാനൽ 17.8 മില്യൺ കാഴ്ചക്കാരെ സമ്പാദിച്ചു. ഏത് സർക്കാർ അധികാരത്തിൽ വന്നാലും അവരെ ചോദ്യം ചെയ്യുന്ന നിലപാട് സ്വീകരിക്കുമെന്നാണ് തന്റെ മാധ്യമ ദർശനമായി ധ്രുവ് റാഠി എടുത്തുപറയുന്നത്.
ഇന്ത്യയിലെ പ്രതിപക്ഷത്തേക്കാൾ ഉറച്ച ശബ്ദമാണ് ധ്രുവിന്റേതെന്ന് സമൂഹ മാധ്യമങ്ങളിൽ അഭിപ്രായങ്ങളുണ്ട്. ഇന്ത്യൻ മാധ്യമങ്ങൾ ‘ഗോദി മീഡിയ’കളാകുന്ന ഈ കാലഘട്ടത്തിൽ ധ്രുവ് റാഠിയെ പോലുള്ളവരുടെ ഒറ്റയാൾ പോരാട്ടങ്ങൾ വലിയ പ്രതീക്ഷകളാണ് രാജ്യത്തിന് നൽകുന്നത്. അടുത്തിടെ ഇന്ത്യ സന്ദർശിച്ച ധ്രുവ്, മുതിർന്ന മാധ്യമ പ്രവർത്തകൻ രവീഷ് കുമാറിനെ സന്ദർശിച്ചതും വാർത്തയായിരുന്നു. 28 വർഷത്തോളം എൻഡിടിവിയുടെ ഭാഗമായിരുന്ന രവീഷ്, സ്ഥാപനം അദാനി ഏറ്റെടുക്കുന്നതോടെ അവിടെ നിന്നറങ്ങി സ്വന്തമായി യൂട്യൂബ് ചാനൽ ആരംഭിച്ചിരുന്നു. മോദിക്കെതിരെയുള്ള മറ്റൊരു ഒറ്റയാൾ പോരാട്ട മുഖമാണ് രവീഷ് കുമാറിന്റേത്.