മധ്യപ്രദേശിലെ പന്നയിലെ ഒരു ഇഷ്ടിക ചൂളയില്‍ നിന്ന് കണ്ടെത്തിയ 26.11 കാരറ്റ് വജ്രം 1.62 കോടി രൂപയ്ക്ക് ലേലത്തില്‍ വിറ്റു. കഴിഞ്ഞ ദിവസമാണ് ലേലം നടന്നത്. മറ്റ് 87 പരുക്കന്‍ വജ്രങ്ങളും ലേലത്തില്‍ വില്‍ക്കപ്പെട്ടു. എല്ലാ വജ്രങ്ങള്‍ക്കും ഉള്‍പ്പെടെ 1.89 കോടി രൂപ ലേലത്തില്‍ ലഭിച്ചതായി അധികൃതര്‍ അറിയിച്ചു.
ലേലത്തിന്റെ ആദ്യ ദിവസം 82.45 കാരറ്റിന്റെ 36 വജ്രങ്ങള്‍ 1.65 കോടി രൂപയ്ക്ക് വിറ്റു. രണ്ടാം ദിവസം 78.35 കാരറ്റ് ഭാരമുള്ള 52 വജ്രങ്ങള്‍ക്ക് 1.86 കോടി രൂപ ലഭിച്ചതായും പന്നയിലെ ജില്ലാ കലക്ടര്‍ സഞ്ജയ് കുമാര്‍ മിശ്ര അറിയിച്ചു. ഫെബ്രുവരി 21നാണ് ചെറുകിട ഇഷ്ടിക ചൂള വ്യാപാരം നടത്തുന്ന സുശീല്‍ ശുക്ലയക്ക് ഖനിയില്‍ നിന്ന് വജ്രം കിട്ടിയത്. ഈ വജ്രത്തിനാണ് കൂടുതല്‍ തുക ലഭിച്ചത്.
3 ലക്ഷം രൂപയ്ക്കാണ് ലേലം ആരംഭിച്ചത്. സ്ഥലത്തെ ഒരു പ്രാദേശിക വ്യാപാരിയാണ് ഇത് വാങ്ങിയത്. വളരെക്കാലങ്ങള്‍ക്ക് ശേഷമാണ് ഇത്രയും വലിയ വജ്രം പന്നയില്‍ കണ്ടെത്തിയത് എന്ന് കളക്ടര്‍ പറഞ്ഞു. ഗവണ്‍മെന്റ് റോയല്‍റ്റിയും നികുതിയും കഴിച്ച് ബാക്കി തുക സുശീലിന് നല്‍കും. ലേലത്തിന് ശേഷം തനിക്ക് ലഭിക്കുന്ന തുക ബിസിനസ്സിനായി ഉപയോഗിക്കും എന്ന് സുശീല്‍ ശുക്ല നേരത്തെ പറഞ്ഞിരുന്നു. താനും കുടുംബവും കഴിഞ്ഞ 20 വര്‍ഷക്കാലമായി വജ്ര ഖനന ജോലിയില്‍ ഏര്‍പ്പെട്ടിരുന്നു. എന്നാല്‍ ഇത്രയും വലിയ വജ്രം തനിക്ക് ആദ്യമായാണ് ലഭിക്കുന്നത് എന്നും അയാള്‍ മാധ്യമങ്ങളോട് പറഞ്ഞു.
ഇന്ത്യയിലെ വജ്ര ഖനനത്തിന്റെ കേന്ദ്രമായ ഡയമണ്ട് സിറ്റി എന്നാണ് അറിയപ്പെടുന്നത്. ഇവിടെ 12 ലക്ഷം കാരറ്റിന്റെ വജ്ര ശേഖരം ഉണ്ടെന്നാണ് പറയപ്പെടുന്നത്. ഏറെക്കാലമായി നിരവധി ആളുകള്‍ ഈ വജ്രം കണ്ടെത്തുന്നതിനായുള്ള പരിശ്രമത്തിലാണ്. കഴിഞ്ഞ വര്‍ഷം സെപ്തംബറില്‍ നാല് തൊഴിലാളികള്‍ ചേര്‍ന്ന് 8.22 കാരറ്റ് വജ്രം കണ്ടെത്തിയിരുന്നു. 40 ലക്ഷം രൂപയായിരുന്നു അതിന്റെ വില എന്നും അധികൃതര്‍ പറയുന്നു.