മത്സരിക്കുമെന്ന് ദിഗ്വിജയ് സിംഗ്, സോണിയയെ കാണാന്‍ ക്ഷമാപണ കത്തുമായി ഗെലോട്ട്

കോണ്‍ഗ്രസ് അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കുമെന്ന് ദിഗ്വിജയ് സിംഗ്. ഡല്‍ഹിയിലെ കോണ്‍ഗ്രസ് ആസ്ഥാനത്തെത്തി ദിഗ്വിജയ് സിംഗ് പത്രിക വാങ്ങി. നാളെ പത്രിക സമര്‍പ്പിക്കും. ഇതോടെ അദ്ധ്യക്ഷ തിരഞ്ഞെടുപ്പില്‍ ശശി തരൂര്‍- ദിഗ്വിജയ് സിംഗ് പോരിന് കളമൊരുങ്ങിയിരിക്കുകയാണ്. ശശി തരൂരും നാളെ പത്രിക സമര്‍പ്പിക്കും.

അതേസമയം രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗെലോട്ടിനെ അദ്ധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കുന്നതിന് കോണ്‍ഗ്രസില്‍ സമവായ ശ്രമങ്ങള്‍ നടക്കുന്നുണ്ടെന്നാണ് വിവരം. സോണിയ ഗാന്ധിയെ കാണാന്‍ ക്ഷമാപണ കത്തുമായി ഗെലോട്ട് അവരുടെ വസതിയിലെത്തി. കൂടിക്കാഴ്ച തുടങ്ങി. കെ.സി വേണുഗോപാലും സോണിയയ്ക്ക് ഒപ്പമുണ്ട്. ഈ ചര്‍ച്ചയ്ക്ക് ശേഷം സോണിയ ഗാന്ധി സച്ചിന്‍ പൈലറ്റിനെയും കണ്ടേക്കും.

ഇതിനിടെ മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായി കോണ്‍ഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ച നടത്തി. പിന്നാലെ പവന്‍ കുമാര്‍ ബന്‍സാലും ആന്റണിയെ കാണാനെത്തി. ബന്‍സാല്‍ ആര്‍ക്ക് വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയെന്ന ചോദ്യം അവശേഷിക്കെ താന്‍ പിന്താങ്ങുന്നതിനായി മാത്രമാണ് പത്രിക വാങ്ങിയതെന്ന് ബെന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.