കോണ്‍ഗ്രസ് ദേശീയ അധ്യക്ഷ തിരഞ്ഞെടുപ്പില്‍ മത്സരിക്കാന്‍ ദിഗ് വിജയ് സിംഗ് തീരുമാനിച്ചു. ഇന്ന് അദ്ദേഹം നാമനിര്‍ദ്ദേശ പത്രിക വാങ്ങുമെന്നാണ് വിവരം. നാളെയാണ് നാമനിര്‍ദ്ദേശ പത്രിക സമര്‍പ്പിക്കാനുള്ള അവസാന ദിവസം. ഇന്ന് ദിഗ് വിജയ് സിംഗ് മുതിര്‍ന്ന നേതാക്കളുമായി ചര്‍ച്ച നടത്തും. ഗഹലോട്ടിന്റെ കാര്യത്തില്‍ തീരുമാനമായില്ലെങ്കില്‍ നേതൃത്വം പരിഗണിക്കുന്നതിലൊരാള്‍ ദിഗ്‌വിജയ് സിംഗാണ്.
രാജസ്ഥാന്‍ മുഖ്യമന്ത്രി അശോക് ഗഹലോട്ടിനെ അധ്യക്ഷ സ്ഥാനാര്‍ത്ഥിയാക്കുന്നതിനായി കോണ്‍ഗ്രസില്‍ വീണ്ടും സമവായ ശ്രമങ്ങള്‍ നടക്കവേ ഗഹലോട്ട് ഡല്‍ഹിയിലെത്തി. സോണിയ- ഗഹലോട്ട് കൂടിക്കാഴ്ച്ച ഇന്ന് നടന്നേക്കുമെന്നാണ് വിവരം. മുതിര്‍ന്ന നേതാക്കള്‍ ഗഹലോട്ടുമായി സംസാരിക്കുന്നുണ്ട്. ആശയ വിനിമയത്തിലുടെ മഞ്ഞുരുക്കമുണ്ടാകുമെന്നാണ് നേതാക്കള്‍ കരുതുന്നത്.
ഇതിനിടെ ഇന്ന് മുതിര്‍ന്ന നേതാവ് എ കെ ആന്റണിയുമായി കോണ്‍ഗ്രസ് അധ്യക്ഷ സോണിയ ഗാന്ധി ചര്‍ച്ച നടത്തി. പിന്നാലെ പവന്‍ കുമാര്‍ ബന്‍സാലും ആന്റണിയെ കാണാനെത്തി. ബന്‍സാല്‍ ആര്‍ക്ക് വേണ്ടി നാമനിര്‍ദേശ പത്രിക വാങ്ങിയെന്ന ചോദ്യം അവശേഷിക്കെ താന്‍ പിന്താങ്ങുന്നതിനായി മാത്രമാണ് പത്രിക വാങ്ങിയതെന്ന് ബെന്‍സാല്‍ മാധ്യമങ്ങളോട് പറഞ്ഞു.