കർഷകരുടെ ‘ദില്ലി ചലോ’ മാർച്ച് നാലാം ദിനത്തിലേക്ക് കടക്കുമ്പോൾ 65 കാരനായ കർഷകന് ദാരുണാന്ത്യം. കർഷക സമരത്തിനായി പഞ്ചാബിൽ നിന്നെത്തിയ ഗ്യാൻ സിംഗ് എന്ന കർഷകനാണ് ഹൃദയാഘാതത്തെ തുടർന്ന് ഇന്ന് പുലർച്ചെ മരിച്ചത്. കർഷക സമരത്തിനിടെ പോലീസ് പ്രയോഗിച്ച കണ്ണീർ വാതകം ഗ്യാൻ സിംഗ് ശ്വസിച്ചിരുന്നെന്നും ഇതുമൂലമാണ് ഹൃദയാഘാതം സംഭവിച്ചതെന്നുമാണ് ബന്ധുക്കളുടെ ആരോപണം.
ഗുരുദാസ്പൂർ ജില്ലയിലെ ചച്ചേകി ഗ്രാമത്തിൽ നിന്നുള്ള ഗ്യാൻ സിംഗ്, കൂടെയുള്ള കർഷകർക്കൊപ്പം സമര മുഖത്ത് ഉറങ്ങുകയായിരുന്നു, പുലർച്ചെ മൂന്ന് മണിയോടെ അദ്ദേഹത്തിന് അസ്വസ്ഥത അനുഭവപ്പെട്ടു. തുടർന്ന് രാജ്പുര സിവിൽ ആശുപത്രിയിൽ എത്തിച്ചു. എന്നാൽ ശ്വാസതടസ്സം അനുഭവപ്പെട്ടതിനാൽ ഗ്യാൻ സിംഗിനെ പട്യാല രജീന്ദ്ര മെഡിക്കൽ കോളേജിലേക്ക് റഫർ ചെയ്തു. ഒക്സിജെനറെ സഹായത്തോടെ ആശുപത്രിയിൽ എത്തിച്ചെങ്കിലും രാവിലെ 7.45 ഓടെ മരണം സ്ഥിരീകരിക്കുക ആയിരുന്നു.
Read more
കിസാൻ മസ്ദൂർ മോർച്ചയുടെ (കെഎംഎം) ഘടകമായ കിസാൻ മസ്ദൂർ സംഘർഷ് കമ്മിറ്റി (കെഎംഎസ്‌സി) അംഗമായിരുന്നു ഗ്യാൻ സിംഗ്. ഒന്നര ഏക്കറോളം കൃഷി സ്ഥലമാണ് ഗ്യാൻ സിംഗിന്റെ കുടുംബത്തിനുള്ളത്. ഫെബ്രുവരി 13 പൊലീസ് കണ്ണീർ വാതക ഷെല്ലുകൾ പ്രയോഗിക്കുന്ന സ്ഥലത്ത് ഗ്യാൻ സിംഗ് ഉണ്ടായിരുന്നുവെന്നും അന്ന് മുതൽ അയാൾ അസ്വസ്ഥത അനുഭവിക്കുകയും ചെയ്തിരുന്നവെന്ന് ഗ്യാൻ സിംഗിന്റെ അനന്തരവൻ ജഗദീഷ് പറയുന്നു.