“നിങ്ങളുടെയും നിങ്ങളുടെ കുട്ടികളുടെയും കണ്ണുകൾ അടയ്ക്കുക,” സുരക്ഷാ കവചം ധരിച്ചിരുന്ന ഉദ്യോഗസ്ഥർ റോഡിൽ കുത്തിയിരുന്ന ഒരു കൂട്ടം പുരുഷന്മാരോടും സ്ത്രീകളോടും കുട്ടികളോടുമായി പറഞ്ഞു. തുടർന്ന് ഇവർക്ക് മേൽ അണുനാശിനി സ്പ്രേ ചെയ്യപ്പെട്ടു, പലരും അവരുടെ കണ്ണുകൾ നീറിയതിനെ തുടർന്ന് നിലവിളിച്ചു. ഉത്തർപ്രദേശിൽ നിന്നാണ് കുടിയേറ്റക്കാരുടെ ദേഹം അണുവിമുക്തമാക്കുന്നതിന്റെ ഞെട്ടിക്കുന്ന ഈ കാഴ്ച പുറത്തു വന്നിരിക്കുന്നത്.
രാജ്യത്തെമ്പാടും 21 ദിവസത്തെ ലോക്ക് ഡൗൺ പ്രഖ്യാപനത്തെ തുടർന്ന് ആയിരക്കണക്കിന് കുടിയേറ്റ തൊഴിലാളികൾ സ്വന്തം സംസ്ഥാനങ്ങളിലേക്ക് കാൽനടയായി യാത്ര ചെയ്യുമ്പോൾ ഇവർക്ക് ദുരിതാശ്വസം ആവശ്യപ്പെട്ടു കൊണ്ടുള്ള ഹർജി സുപ്രീം കോടതി സ്വീകരിച്ച ദിവസമാണ് ഈ സംഭവം എന്നത് ശ്രദ്ധേയമാണ്.
ലഖ്‌നൗവിൽ നിന്ന് 270 കിലോമീറ്റർ അകലെയുള്ള ബറേലി ജില്ലയിലാണ് ഈ ദൃശ്യം പകർത്തപ്പെട്ടത്. പ്രത്യേക ബസുകൾ ക്രമീകരിച്ചതിനെ തുടർന്ന് വാരാന്ത്യത്തിൽ യുപിയിലേക്ക് മടങ്ങിയ ഒരു കൂട്ടം കുടിയേറ്റ തൊഴിലാളികൾ ആണിവർ. “അണുവിമുക്തമാക്കൽ” പൊലീസ് സാന്നിദ്ധ്യത്തിലാണ് നടന്നത്.
https://www.facebook.com/toraviprakash/videos/4346751425350328/
കുടിയേറ്റ തൊഴിലാളികൾക്ക് മേൽ ക്ലോറിനും വെള്ളവും കലർത്തിയ ലായനി ആണ് തളിച്ചത്. മറ്റ് രാസവസ്തുക്കൾ ഉപയോഗിച്ചില്ല. തളിക്കുമ്പോൾ കണ്ണടച്ച് പിടിക്കാൻ ഞങ്ങൾ അവരോട് ആവശ്യപ്പെട്ടു. അണുവിമുക്തമാക്കൽ ദൃശ്യം വിമർശനവിധേയമായതിനെ തുടർന്ന് ജില്ലാ ഭരണകൂടത്തിലെ ഉദ്യോഗസ്ഥൻ പറഞ്ഞു.