കര്‍ണാടകയില്‍ ഡികെ ശിവകുമാര്‍ മുഖ്യമന്ത്രിയായേക്കും; സൂചന നല്‍കി സിദ്ധരാമയ്യ

കര്‍ണാടകയില്‍ മുഖ്യമന്ത്രി പദം ഡികെ ശിവകുമാറിന് കൈമാറുമെന്ന സൂചന നല്‍കി മുഖ്യമന്ത്രി സിദ്ധരാമയ്യ. 2023ലെ നിയമസഭ തിരഞ്ഞെടുപ്പിലെ കോണ്‍ഗ്രസ് വിജയത്തിന് പിന്നാലെ ഡികെ ശിവകുമാറും സിദ്ധരാമയ്യയും മുഖ്യമന്ത്രി സ്ഥാനത്തിനായി അവകാശവാദം ഉന്നയിച്ചിരുന്നു. അതേസമയം വിഷയത്തില്‍ അന്തിമ തീരുമാനം ഹൈക്കമാന്റിന്റേതാണെന്നും സിദ്ധരാമയ്യ പറഞ്ഞു.

നേരത്തെ രണ്ടരവര്‍ഷം വീതം മുഖ്യമന്ത്രി പദവിയെന്ന ധാരണയിലാണ് സിദ്ധരാമയ്യ അധികാരത്തിലേറിയതെന്നായിരുന്നു പുറത്തുവരുന്ന റിപ്പോര്‍ട്ടുകള്‍. എന്നാല്‍ ഇത്തരത്തിലൊരു ധാരണ ഉണ്ടായിരുന്നില്ലെന്നാണ് സിദ്ധരാമയ്യ നേരത്തെ പ്രതികരിച്ചിരുന്നത്. അധികാരക്കൈമാറ്റം സംബന്ധിച്ച് കോണ്‍ഗ്രസ് നേതൃത്വവുമായി ധാരണയുണ്ടെന്നും തന്റെ അവസരത്തിനായി കാത്തിരിക്കുകയാണെന്ന് ഒരു ടെലിവിഷന്‍ ചാനലിന് നല്‍കിയ അഭിമുഖത്തില്‍ ശിവകുമാര്‍ പറഞ്ഞിരുന്നു.

Read more

പ്രസ്താവന വിവാദമായതിന് പിന്നാലെ സിദ്ധരാമയ്യയുടെ വാക്ക് അന്തിമമാണെന്ന് ശിവകുമാര്‍ പറഞ്ഞിരുന്നു. ഇതിന് പിന്നാലെയാണ് സിദ്ധരാമയ്യ ഡികെ ശിവകുമാറിന് ഈ വര്‍ഷം അവസാനം അധികാരം കൈമാറുമെന്ന സൂചന നല്‍കി രംഗത്തെത്തിയിരിക്കുന്നത്.