'കേരളത്തിൽ 'കൂടോത്രം', കോൺഗ്രസിനെ തകർക്കാൻ മൃഗബലി, ശത്രു ഭൈരവി യാഗത്തിന് അഘോരികൾ'; ആരോപണവുമായി ഡികെ ശിവകുമാർ

കർണാടകയിലെ കോൺഗ്രസ് സർക്കാരിനെ തകർക്കാൻ കേരളത്തിൽ ദുർമന്ത്രവാദം നടക്കുന്നതായി കർണാടക ഉപമുഖ്യമന്ത്രിയും പിസിസി അധ്യക്ഷനുമായ ഡികെ ശിവകുമാർ. കോൺഗ്രസ് സർക്കാർ പ്രതിസന്ധിയിലാകാനും ഉണ്ടാകാനും സർക്കാർ നിലംപൊത്താനുമായി രാഷ്ട്രീയ ശത്രുക്കൾ ശത്രു ഭൈരവി യാഗം ഉൾപ്പടെയുള്ള ദുർമന്ത്രവാദങ്ങൾ നടത്തിയതായി വിവരം ലഭിച്ചെന്നാണ് ഡികെയുടെ ആരോപണം.

‘കേരളത്തിലെ രാജ രാജേശ്വരി ക്ഷേത്രം കേന്ദ്രീകരിച്ച് വിവിധ യാഗങ്ങളും മൃഗബലിയും നടന്നതായി വിവരം ലഭിച്ചിട്ടുണ്ട്. ശത്രു ഭൈരവി യാഗം ഉൾപ്പടെ നടന്നു. ഇതിൽ പങ്കെടുത്തയാളാണ് രഹസ്യ വിവരം നൽകിയത്. അവർ എന്ത് വേണേലും ചെയ്യട്ടെ. ഞാൻ വിശ്വസിക്കുന്ന ദൈവം ശക്തനാണ്’ ശിവകുമാർ മാധ്യമങ്ങളോട് പറഞ്ഞു. ദുർമന്ത്രവാദത്തെ കൂട്ട് പിടിക്കുന്നതും ആരെന്നു തനിക്ക് അറിയാമെന്നും അവരതിൽ വിദഗ്ധർ ആണെന്നും ഡികെ പറഞ്ഞു.

‘അഘോരി സന്യാസിമാരും ഈ ദുർമന്ത്രവാദ കർമങ്ങളിൽ പങ്കെടുത്തു. 42 ആടുകളെയും മൂന്നു കന്നുകാലികളെയും അഞ്ചു പന്നികളെയും യാഗത്തിന് ശേഷം ബലി നൽകിയാണ് കർമങ്ങൾ അവസാനിച്ചത്. രാജ കണ്ടക, മരണ മോഹന സ്തംഭന യാഗങ്ങൾ സർക്കാരിനെതിരെ നടത്തി’- ശിവകുമാർ വിവരം നൽകിയ ആളുടെ പേര് വെളിപ്പെടുത്താതെ വിശദീകരിച്ചു.

Read more

കേരളത്തിലെ കണ്ണൂർ തളിപ്പറമ്പിൽ സ്ഥിതി ചെയ്യുന്ന രാജ രാജേശ്വരി ക്ഷേത്രത്തിലാണ് കർണാടകയിൽ നിന്നുള്ള രാഷ്ട്രീയ നേതാക്കൾ ദർശനത്തിന് എത്താറുള്ളത്. എന്നാൽ ഈ ക്ഷേത്രം കേന്ദ്രീകരിച്ചാണോ ദുർമന്ത്രവാദ കർമങ്ങൾ നടന്നതെന്ന് ശിവകുമാർ വ്യക്തമാക്കിയിട്ടില്ല. ശിവകുമാർ ആരെയാണ് ഉന്നം വെക്കുന്നതെന്നു വ്യക്തമല്ലെങ്കിലും രാജ രാജേശ്വരി ക്ഷേത്രത്തിലെ സ്ഥിരം സന്ദർശകരായ എതിർചേരിയിലെ നേതാക്കളിലേക്കാണ് ആരോപണത്തിന്റെ കുന്തമുന നീളുന്നത്.