ഇഡിയ്ക്കെതിരെ കോൺഗ്രസിനൊപ്പം, ഡിഎംകെയും സിപിഎമ്മും; നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ചു

നാഷണൽ ഹെറാൾഡ് കേസിൽ കോൺഗ്രസ് നേതാക്കൾക്ക് പരസ്യപിന്തുണ പ്രഖ്യാപിച്ച് ഇന്ത്യസഖ്യത്തിലെ പ്രധാനകക്ഷിയായ ഡിഎംകെയും സിപിഎമ്മും. സോണിയക്കും രാഹുലിനുമെതിരായ ഇഡി കുറ്റപത്രം ലജ്ജാകരമായ രാഷ്ട്രീയ പകപോക്കലാണെന്നും അത് അനുവദിക്കാനാകില്ലെന്നും ഡിഎംകെ പ്രസ്താവനയിൽ പറഞ്ഞു. അന്വേഷണ ഏജൻസികളെ ഉപയോഗിച്ച് പ്രതിപക്ഷ കക്ഷികളെ വേട്ടയാടുന്ന കേന്ദ്രനടപടിയെ എതിർക്കുകയെന്നതാണ് സിപിഎമ്മിന്റെ നിലപാടെന്ന് പാർട്ടി ജനറൽ സെക്രട്ടറി എംഎ ബേബിയും വ്യക്തമാക്കി.

കേന്ദ്രസർക്കാരിന്റെ ജനവിരുദ്ധനയങ്ങൾ അഹമ്മദാബാദിൽ നടന്ന എഐസിസി സമ്മേളനം തുറന്നുകാണിച്ചതിനെത്തുടർന്നുള്ള പരിഭ്രമമാണ് ഇഡി നടപടിക്ക് പിന്നിലെന്ന് ഡിഎംകെ ട്രഷററും പാർലമെന്ററി പാർട്ടി നേതാവുമായ ടിആർ ബാലു എംപി പ്രസ്താവനയിൽ പറഞ്ഞു. റായ്‌പുരിൽ എഐസിസി സമ്മേളനം നടന്നതിനു പിന്നാലെയും ഇഡി റെയ്ഡുകളുണ്ടായിരുന്നെന്ന കാര്യം ബാലു ഓർമ്മിപ്പിച്ചു. വഖഫ് ബിൽ ഉൾപ്പെടെയുള്ള വിഷയങ്ങളിൽ പ്രതിപക്ഷം ഒന്നിക്കുന്നതാണ് ബിജെപിയെ പ്രകോപിപ്പിക്കുന്നതെന്ന് ടിആർ ബാലു കുറ്റപ്പെടുത്തി.

സിപിഎം കോൺഗ്രസിനെ പിന്തുണയ്ക്കുമോ എന്നുള്ള മട്ടിലാണ് ഈ വിഷയത്തെ പലരും അവതരിപ്പിക്കുന്നതെന്ന് എംഎ ബേബി മാധ്യമങ്ങളോട് പറഞ്ഞു. തങ്ങൾക്കു വഴങ്ങാത്ത പ്രതിപക്ഷ പാർട്ടികൾക്കെതിരേ കേന്ദ്ര ഏജൻസികളെ ഉപയോഗിച്ച് ബിജെപി തുടർച്ചയായി കടന്നാക്രമണങ്ങൾ നടത്തുകയാണ്. അതിനെ മൊത്തത്തിൽ എതിർക്കുകയും അപലപിക്കുകയും ചെയ്യുകയെന്ന സമീപനമാണ് സിപിഎമ്മിനെന്നും ബേബി കൂട്ടിച്ചേർത്തു.

എന്നാൽ, സിപിഎമ്മിന്റെ നേതാക്കളെ രാഷ്ട്രീയമായി വേട്ടയാടുമ്പോൾ ചിലർ ബിജെപിക്കൊപ്പം നിൽക്കുന്നു. അങ്ങനെയാരു ഇരട്ടത്താപ്പ് സിപിഎമ്മിന് ഇല്ലെന്ന് തിരിച്ചറിയണം. വർഗീയശക്തികൾക്കെതിരേ മതനിരപേക്ഷകക്ഷികളെ ഒന്നിപ്പിച്ചുകൊണ്ടുള്ള തമിഴ്‌നാട്ടിലെ മുന്നണി രാജ്യത്തിന് മാതൃകയാണെന്നും ചെന്നൈയിൽ മുഖ്യമന്ത്രി എംകെ സ്റ്റാലിനെ സന്ദർശിച്ചശേഷം മാധ്യമപ്രവർത്തകരോട് സംസാരിക്കവേ എംഎ ബേബി പറഞ്ഞു.