അൻവറിനെ തള്ളി ഡിഎംകെ; സിപിഎം സഖ്യകക്ഷിയാണെന്നും വിമതരെ അംഗീകരിക്കില്ലെന്നും വ്യക്തമാക്കി

ഇടത് പക്ഷത്തുനിന്നും പുറത്തുപോയ പിവി അൻവർ സഖ്യ നീക്കവുമായി തമിഴ്‌നാട് ഭരണ കക്ഷിയായ ഡിഎംകെയെ സമീപിച്ചതായി റിപ്പോർട്ട്. എന്നാൽ അൻവറിന്റെ നീക്കങ്ങൾക്ക് കനത്ത തിരിച്ചടിയാകുന്നതാണ് ഡിഎംകെയുടെ നിലപാട്. സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്, ആ പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ലെ ന്നാണ് ടിഎംഎംകെയുടെ നിലപാട്.

ഡിഎംകെ വക്താവ് ടികെഎസ് ഇളങ്കോവന്‍ പ്രമുഖ ഓണ്‍ലൈന്‍ മാധ്യമമായ ന്യൂസ് മിനിറ്റിന് നല്‍കിയ പ്രതികരണത്തിലാണ് ഇക്കാര്യം വ്യക്തമാക്കുന്നത്. ‘കേരളത്തിലും തമിഴ്‌നാട്ടിലും ദേശീയ തലത്തിലും സിപിഎം ഡിഎംകെയുടെ സഖ്യകക്ഷിയാണ്. അതിനാൽ ആ പാര്‍ട്ടിയുടെ വിമതനെ സഖ്യകക്ഷിയായി ഉള്‍പ്പെടുത്താന്‍ സാധിക്കില്ല’ എന്നാണ് ഇളങ്കോവന്‍ പ്രതികരിച്ചത്.

അതേസമയം, സഖ്യ നീക്കവുമായി പിവി അന്‍വര്‍ സമീപിച്ചിരുന്നതായി ഡിഎംകെ കേരള ഘടകം വെളിപ്പെടുത്തി. സഖ്യകക്ഷിയാക്കണം എന്നാവശ്യപ്പെട്ട് പിവി അന്‍വര്‍ ഡിഎംകെ കേരള ഘടകം സംസ്ഥാന സെക്രട്ടറി എ ആര്‍ മുരുകേശന്‍ വ്യക്തമാക്കുന്നു. ഇക്കാര്യം ആവശ്യപ്പെട്ട് അന്‍വര്‍ നല്‍കിയ കത്ത് ഡിഎംകെ നേതൃത്വത്തിന് നല്‍കിയിരുന്നു എന്നും മുരുകേശന്‍ ചൂണ്ടിക്കാട്ടുന്നു.

എന്നാല്‍ ഡിഎംകെ എന്‍ആര്‍ഐ വിഭാഗം സെക്രട്ടറിയും രാജ്യസഭാ എംപിയുമായ പുദുഗൈ അബ്ദുള്ളയുമായി പിവി അന്‍വര്‍ നടത്തിയ കൂടിക്കാഴ്ചയില്‍ രാഷ്ട്രീയം ചര്‍ച്ചയായില്ലെന്നാണ് ഇപ്പോഴത്തെ വിശദീകരണം. അന്‍വറും താനും ദീര്‍ഘകാല സുഹൃത്തുക്കളാണെന്നും തങ്ങള്‍ തമ്മിലുള്ള കൂടിക്കാഴ്ച സൗഹൃദപരമായിരുന്നു എന്നും പുദുഗൈ അബ്ദുള്ള ന്യൂസ് മിനിറ്റിനോട് പ്രതികരിച്ചു.

അതേസമയം ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള (ഡിഎംകെ) എന്ന പേരിൽ അൻവർ ഇന്ന് പുതിയ പാര്‍ട്ടി രൂപികരിക്കും. ഇന്ന് മലപ്പുറം മഞ്ചേരിയിലാണ് പാര്‍ട്ടി പ്രഖ്യാപനം നടത്തുക. തമിഴ്‌നാട്ടിലെ ഡിഎംകെയുടെ സഖ്യകക്ഷിയായി കേരളത്തില്‍ പ്രവര്‍ത്തിക്കും എന്നായിരുന്നു നേരിടാതെ വന്ന റിപ്പോർട്ടുകൾ. ഡെമോക്രാറ്റിക് മൂവ്‌മെന്റ് ഓഫ് കേരള എന്നത് രാഷ്ട്രീയ പാർട്ടി അല്ലെന്നും സോഷ്യൽ മൂവ്മെന്റ് ആണെന്നും അൻവർ പ്രതികരിച്ചിരുന്നു.

Read more