കോവിഡ് വാക്‌സിന്‍ എടുക്കാന്‍ ആരെയും നിര്‍ബന്ധിക്കരുതെന്ന് സുപ്രീംകോടതി. വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതു സ്ഥലങ്ങളില്‍ നിയന്ത്രണം ഏര്‍പ്പെടുത്തിയത് ശരിയല്ലെന്നും ഈ നടപടി അധികൃതര്‍ പുനഃപരിശോധിക്കണമെന്നും കോടതി അറിയിച്ചു.
വാക്‌സിനേഷന്റെ മാനദണ്ഡങ്ങള്‍ ശരിയല്ലെന്നും അതില്‍ ഏറ്റക്കുറച്ചിലുകളുണ്ടെന്നും ചൂണ്ടിക്കാട്ടിയുള്ള പൊതുതാല്‍പര്യ ഹര്‍ജി പരിഗണിക്കവെയാണ് സുപ്രീംകോടതി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. ജസ്റ്റിസ് എല്‍ നാഗേശ്വരറാവു അധ്യക്ഷനായ ബെഞ്ചാണ് ഹര്‍ജി പരിഗണിച്ചത്. മാനദണ്ഡങ്ങളില്‍ കൃത്യമായ പഠനം നടത്തിയ ശേഷം മാറ്റങ്ങള്‍ കൊണ്ടുവരണമെന്നായിരുന്നു് ഹര്‍ജിയില്‍ പറഞ്ഞിരുന്നത്.
പൊതുതാത്പര്യം കണക്കിലെടുത്ത് വാക്സിന്‍ എടുക്കാത്തവര്‍ക്ക് നിയന്ത്രണം ഏര്‍പ്പെടുത്താന്‍ സര്‍ക്കാരുകള്‍ക്ക് അധികാരമുണ്ട്. എന്നാല്‍ വാക്‌സിന്‍ എടുക്കാത്തവര്‍ക്ക് പൊതുസ്ഥലങ്ങളില്‍ നിയന്ത്രണമേര്‍പ്പെടുത്തിയത് ഏകപക്ഷീയമാണെന്ന് കോടതി ചൂണ്ടിക്കാട്ടി. നിലവിലെ വാക്‌സിന്‍ നയം യുക്തി രഹിതമാണെന്ന് പറയാന്‍ കഴിയില്ലെന്നും വാക്സിന്റെ പാര്‍ശ്വഫലങ്ങളെ കുറിച്ചുള്ള വിവരങ്ങള്‍ പരസ്യപ്പെടുത്തണമെന്നും കോടതി വ്യക്തമാക്കി.