രാജ്യത്തെ മുലപ്പാലിന്റെ അനധികൃത വിൽപന്നക്കെതിനെതിരെ മുന്നറിയിപ്പുമായി ഫുഡ് സേഫ്റ്റി ആൻഡ് സ്റ്റാൻഡേർഡ് അതോറിറ്റി ഓഫ് ഇന്ത്യ. മുലപ്പാൽ അധിഷ്ടിതമായ ഉൽപ്പന്നങ്ങൾ വിൽക്കാൻ നിയമങ്ങൾ അനുവദിക്കുന്നില്ലെന്നും മുലപ്പാലിന്റെ വാണിജ്യവൽക്കരണം രാജ്യത്ത് അനുവദനീയമല്ലെന്നും ഇതുമായി ബന്ധപ്പെട്ട വ്യവസായങ്ങൾ അവസാനിപ്പിക്കണം എന്നും അതോറിറ്റി അറിയിച്ചു.
2006ലെ എഫ്എസ്എസ് ആക്ട് പ്രകാരം മുലപ്പാൽ സംസ്‌കരിക്കാനോ വിൽക്കാനോ അനുമതി നൽകിയിട്ടില്ലെന്ന് ഭക്ഷ്യ നിയന്ത്രണ അതോറിറ്റി അറിയിച്ചിട്ടുണ്ട്. ഈ നിർദ്ദേശത്തിൻ്റെ ഏതെങ്കിലും ലംഘനം ശ്രദ്ധയിൽപെട്ടാൽ എഫ്എസ്എസ് ആക്ട് പ്രകാരം ബിസിനസ്സ് ഓപ്പറേറ്റർമാർക്കെതിരെ നടപടി സ്വീകരിക്കുമെന്നും അതോറിറ്റി അറിയിച്ചിട്ടുണ്ട്.
പാൽ വിൽക്കുന്ന ഇത്തരം യൂണിറ്റുകൾക്ക് അനുമതി നൽകരുതെന്നും ലൈസൻസ് അനുവദിക്കുന്ന അധികാരികളോട് എഫ്എസ്എസ്എഐ ആവശ്യപ്പെട്ടു. മുലപ്പാൽ പാൽ സംസ്കരണത്തിലോ വിൽപനയിലോ ഉൾപ്പെട്ടിരിക്കുന്ന ഇത്തരം എഫ്ബിഒകൾക്ക് ലൈസൻസ്/ രജിസ്‌ട്രേഷൻ അനുവദിക്കുന്നില്ലെന്ന് സംസ്ഥാന, കേന്ദ്ര ലൈസൻസിംഗ് അതോറിറ്റികൾ ഉറപ്പാക്കണം എന്നും നിർദേശമുണ്ട്. മേയ് 24ലെ പുറത്തിറക്കിയ ഉത്തരവിൽ മുലപ്പാൽ വിൽപ്പനയുമായി ബന്ധപ്പെട്ട എല്ലാ പ്രവർത്തനങ്ങളും നിർത്തിവെക്കണമെന്നും അതോറിറ്റി അറിയിച്ചു.
മുലയൂട്ടുന്ന അമ്മമാരിൽ നിന്ന് പാൽ ശേഖരിച്ച് വിൽക്കുന്ന മിൽക്ക് ബാങ്കുകൾ സ്ഥാപിച്ചതോടെ മുലപ്പാലിൻ്റെ ഓൺലൈൻ വിൽപ്പന കുതിച്ചുയർന്നിരുന്നു. ഓൺലൈനിൽ മുലപ്പാൽ ഉൽപ്പന്നങ്ങൾ തിരയുന്നതും സോഷ്യൽ മീഡിയകളിൽ പരസ്യം വരുന്നതും വർധിച്ചിരുന്നു. ഇതിന് പിന്നാലെയാണ് മുന്നറിയിപ്പുമായി അതോറിറ്റി എത്തിയത്.
മുലപ്പാൽ ദാനം ചെയ്യുന്നതും വാണിജ്യ വിൽപ്പനയും തമ്മിൽ ബന്ധമുണ്ടോ?
Read more
മുലപ്പാൽ ദാനം ചെയ്യുന്നതും വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കുന്നതും തമ്മിൽ ബന്ധമില്ല. മുലയൂട്ടുന്ന അമ്മയ്ക്ക് ആരോഗ്യവും സമ്മതവും ഉണ്ടെങ്കിൽ മുലപ്പാൽ ആർക്ക് എപ്പോൾ വേണമെങ്കിലും ദാനം ചെയ്യാം. എന്നാൽ മുലപ്പാൽ വാണിജ്യ ആവശ്യങ്ങൾക്ക് ഉപയോഗിക്കാൻ കഴിയില്ല. നവജാത ശിശുക്കൾക്കും ശിശുക്കൾക്കും മുലപ്പാൽ ദാനം ചെയ്യണമെങ്കിൽ അത് സമഗ്രമായ മുലയൂട്ടൽ മാനേജ്മെൻ്റ് സെൻ്ററുകളുള്ള (CLMCs) ആരോഗ്യ കേന്ദ്രങ്ങളിൽ നൽകണം. അതായത് മുലപ്പാൽ ദാനം സ്വമേധയാ നടത്തണം, ദാതാവിന് പണപരമായ നേട്ടങ്ങളൊന്നും ഇതുകൊണ്ട് ലക്ഷ്യം വെക്കരുത്.