ഉക്രൈന്‍ രക്ഷാപ്രവര്‍ത്തനത്തില്‍ കേന്ദ്ര സര്‍ക്കാരിനെതിരെ വിമര്‍ശനവുമായി ബിജെപി എംപി വരുണ്‍ ഗാന്ധി. കൃത്യമായ സമയത്ത് തീരുമാനം എടുക്കാത്തത് കൊണ്ടാണ് 15,000 വിദ്യാര്‍ത്ഥികള്‍ യുദ്ധഭൂമിയില്‍ കുടുങ്ങിയത് എന്ന് അദ്ദേഹം ട്വീറ്റ് ചെയ്തു.
വിദ്യാര്‍ത്ഥികളെ സുരക്ഷിതമായി തിരികെ എത്തിക്കേണ്ടത് സര്‍ക്കാരിന്റെ ഉത്തരവാദിത്തമാണ്. എല്ലാ ദുരന്തങ്ങളെയും അവസരമായി മാറ്റരുതെന്നും അദ്ദേഹം പറഞ്ഞു.
കോണ്‍ഗ്രസ് ഉള്‍പ്പടെയുള്ള പ്രതിപക്ഷ പാര്‍ട്ടികള്‍ വിദ്യാര്‍ത്ഥികളുടെ എസ്.ഒ.എസ് വീഡിയോകളടക്കം പങ്കിടുകയും വിദ്യാര്‍ത്ഥികളെ വേഗത്തില്‍ തിരികെ കൊണ്ടുവരാത്തതിന് സര്‍ക്കാരിനെ വിമര്‍ശിക്കുകയും ചെയ്തിരുന്നു.
അതേസമയം, ഉക്രൈന്‍ അതിര്‍ത്തികളില്‍ കുടുങ്ങിയ ഇന്ത്യക്കാരുടെ ഒഴിപ്പിക്കല്‍ നടപടികള്‍ ഏകോപിപ്പിക്കാന്‍ കേന്ദ്രമന്ത്രിമാരെ അയല്‍ രാജ്യങ്ങളിലേക്ക് അയക്കാന്‍ തീരുമാനം. നാല് കേന്ദ്ര മന്ത്രിമാരെ അയച്ചേക്കുമെന്നാണ് വിവരം. ഇന്ന് രാവിലെ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ അധ്യക്ഷതയില്‍ ചേര്‍ന്ന ഉന്നതതല യോഗത്തിലാണ് തീരുമാനം. കേന്ദ്ര മന്ത്രിമാരായ ഹര്‍ദീപ് പുരി, ജ്യോതിരാദിത്യ സിന്ധ്യ, കിരണ്‍ റിജജു, വി.കെ സിംഗ് എന്നിവരായിരിക്കും ഉക്രൈന്‍ അതിര്‍ത്തികളിലേക്ക് പോവുക.