ഡോക്ടര്‍മാര്‍ നാളെയും മറ്റന്നാളും രാജ്യവ്യാപകമായി പണിമുടക്കും. ദേശീയ മെഡിക്കല്‍ കമ്മീഷന്‍ ബില്‍ ലോക്സഭയില്‍ പാസാക്കിയതില്‍ പ്രതിഷേധിച്ചാണ് ഡോക്ടര്‍മാരുടെ സംഘടനയായ ഇന്ത്യന്‍ മെഡിക്കല്‍ അസോസിയേഷന്‍ രാജ്യവ്യാപക പണിമുടക്കിന് ആഹ്വാനം ചെയ്തത്.
ബുധനാഴ്ച രാവിലെ ആറ് മണി മുതല്‍ 24 മണിക്കൂറാണ് സമരം. സര്‍ക്കാര്‍, സ്വകാര്യ മേഖലകളിലെ മുഴുവന്‍ ഡോക്ടര്‍മാരും പണിമുടക്കില്‍ പങ്കെടുക്കും. അത്യാഹിത, തീവ്രപരിചരണ, ശസ്ത്രക്രിയ വിഭാഗങ്ങളെ സമരത്തില്‍നിന്ന് ഒഴിവാക്കിയിട്ടുണ്ട്.
പ്രാഥമികാരോഗ്യ കേന്ദ്രങ്ങളില്‍ മെഡിക്കല്‍ മേഖലയുമായി ബന്ധമുള്ള പ്രാക്ടീഷണര്‍മാര്‍ക്ക് പ്രാക്ടീസ് ചെയ്യാന്‍ പരിമിത ലൈസന്‍സ് നല്‍കുന്നത് ഉള്‍പ്പെടെയുള്ള വ്യവസ്ഥകളാണ് പുതിയ മെഡിക്കല്‍ കമ്മീഷന്‍ ബില്ലിലുള്ളത്. മെഡിക്കല്‍ വിദ്യാര്‍ത്ഥികളുടെ അവസാനവര്‍ഷ പരീക്ഷ ബിരുദാനന്തര ബിരുദ പ്രവേശനത്തിന് മാനദണ്ഡമാക്കാനും ബില്ലില്‍ ശിപാര്‍ശയുണ്ട്. കഴിഞ്ഞദിവസം ലോക്സഭയില്‍ വോട്ടിനിട്ട ബില്‍ പ്രതിപക്ഷത്തിന്റെ എതിര്‍പ്പ് മറികടന്നാണ് പാസാക്കിയത്.