ഫംഗസ് അണുബാധ, ചർമ്മ അലർജികൾ, വയറിളക്കം, ശ്വാസകോശ സംബന്ധമായ അണുബാധകൾ, ന്യുമോണിയ, അക്യൂട്ട് ഗ്യാസ്ട്രോഎന്റൈറ്റിസ് എന്നിവയാണ് മഹാാകുംഭത്തിൽ നിന്ന് തിരിച്ചെത്തിയ ശേഷം ആളുകൾ അനുഭവിക്കുന്ന ആരോഗ്യപ്രശ്നങ്ങളിൽ ചിലതെന്ന് രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ നിന്നുള്ള അഞ്ച് ഡോക്ടർമാർ പറയുന്നു.
ചികിത്സയ്ക്ക് വിധേയരാകുന്ന രോഗികളിൽ നേരിയ ചർമ്മ തിണർപ്പ് മുതൽ കഠിനമായ ശ്വസന പ്രശ്നങ്ങൾ വരെയുള്ള ലക്ഷണങ്ങൾ കാണപ്പെടുന്നു. പലർക്കും ദീർഘമായ രോഗശാന്തി കാലയളവ് ആവശ്യമാണ് എന്നും ഡോക്ടർമാർ കൂട്ടിച്ചേർക്കുന്നു. “മഹാാകുംഭിൽ നിന്ന് മടങ്ങിയെത്തിയ ചില രോഗികൾക്ക് കാലുകളിലും ഞരമ്പുകളിലും ഫംഗസ് അണുബാധയുണ്ടെന്ന പരാതിയുണ്ട്” ഗ്രേറ്റർ നോയിഡയിൽ നിന്നുള്ള ശാരദ മെഡിക്കൽ കോളേജിലെ ഡെർമറ്റോളജിസ്റ്റ് ഡോ. സഞ്ജീവ് ഗുലാത്തി പറഞ്ഞു.
“ചിലർക്ക് ചർമ്മത്തിൽ ചുണങ്ങുകളും, ചുവപ്പ് എന്നിവയോടുകൂടിയ അലർജികളും ഉണ്ടായിരുന്നു. ഫെബ്രുവരി പകുതി മുതൽ ഇവിടെയെത്തിയവരിൽ സൂര്യപ്രകാശ അലർജിയും സാധാരണമായിരുന്നു. കൂടാതെ, ചില രോഗികൾക്ക് ബാക്ടീരിയൽ ചർമ്മ അണുബാധയും ഉണ്ടായിരുന്നു.” അദ്ദേഹം പറഞ്ഞു. ഇത്തരം അവസ്ഥകളുള്ള ഏകദേശം 15-20 രോഗികളെ ചികിത്സിച്ചതായി അദ്ദേഹം പറഞ്ഞു. ഒരു രോഗിക്ക് വ്യാപകമായ ഒരു ഫംഗസ് അണുബാധയും, ഇടുപ്പിനും ഞരമ്പിനും ചുറ്റുമുള്ള റിംഗ് വോമും, കാൽവിരലുകളിൽ ഇന്റർട്രിഗോ എന്ന ഫംഗസ് അണുബാധയും ഉണ്ടായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.
പ്രയാഗ്‌രാജിലെ സംഗമത്തിന് ചുറ്റുമുള്ള അഞ്ച് സ്ഥലങ്ങളിലും ഗംഗാനദിയുടെ രണ്ട് സ്ഥലങ്ങളിലും ജലത്തിന്റെ ഗുണനിലവാരം വിലയിരുത്തുന്ന ഡാറ്റ കേന്ദ്ര മലിനീകരണ നിയന്ത്രണ ബോർഡ് (സിപിസിബി) പുറത്തുവിട്ടു. ദേശീയ ഹരിത ട്രൈബ്യൂണലിന് (എൻജിടി) സമർപ്പിച്ച അവരുടെ റിപ്പോർട്ടിൽ, ഭക്തർ പുണ്യസ്നാനം ചെയ്ത നദീജലത്തിൽ മനുഷ്യരുടെയും മൃഗങ്ങളുടെയും മാലിന്യത്തിൽ നിന്ന് വരുന്ന ഉയർന്ന അളവിലുള്ള മലം കോളിഫോം ബാക്ടീരിയകൾ ഉണ്ടെന്ന് പറയുന്നു. ഔദ്യോഗിക കണക്കുകൾ പ്രകാരം മഹാ കുംഭമേളയിൽ 55 കോടിയിലധികം സന്ദർശകർ പങ്കെടുത്തു. എന്നാൽ സംഗമത്തിലെ വെള്ളം ആചാരപരമായ കുളിക്ക് അനുയോജ്യമാണെന്ന് ഉത്തർപ്രദേശ് സർക്കാർ വാദിച്ചു. മാത്രമല്ല അവ കുടിക്കാൻ വരെ യോഗ്യമാണെന്ന് ഉത്തർപ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പറഞ്ഞു.
Read more
ജനുവരി 12 നും ഫെബ്രുവരി 4 നും ഇടയിലുള്ള 24 ദിവസങ്ങളിൽ 13 ദിവസത്തേക്കുള്ള ജല ഗുണനിലവാര ഡാറ്റ പുറത്തുവിട്ടു. പ്രധാന സ്നാന ദിനങ്ങളായ ജനുവരി 13 (പൗഷ പൂർണിമ), ജനുവരി 14 (മകരസംക്രാന്തി), ജനുവരി 29 (മൗനി അമാവാസി), ഫെബ്രുവരി 3 (ബസന്ത് പഞ്ചമി) ദിവസങ്ങളിൽ ചില സ്ഥലങ്ങളിൽ കുളിക്കാൻ വെള്ളം യോഗ്യമല്ലെന്ന് കണ്ടെത്തലുകൾ കാണിച്ചു.