ഇത് ചതി, വിശ്വസിക്കരുത്; തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി, മാട്രിമോണി ആപ്പിനെതിരെ യുവതി

ഭാരത് മാട്രിമോണി തന്റെ ഫോട്ടോ ദുരുപയോ​ഗം ചെയ്ത് വ്യാജപ്രൊഫൈലുണ്ടാക്കി ചതി നടത്തുകയാണെന്നാരോപിച്ച് യുവതി രംഗത്ത്. സ്വാതി മുകുന്ദ് എന്ന യുവതിയാണ് ഇൻസ്റ്റ​ഗ്രാമിൽ തന്റെ അനുഭവം പങ്കുവച്ചത്. മാട്രിമോണി തന്റെ ചിത്രം ഉപയോ​ഗിച്ചുകൊണ്ട് വ്യാജപ്രൊഫൈലുണ്ടാക്കി എന്നാണ് യുവതി പറയുന്നത്. അതേസമയം ഭാരത് മാട്രിമോണി കാണിക്കുന്നത് അഴിമതിയാണെന്നും യുവതി ആരോപിക്കുന്നു.

‘നിത്യ രാജശേഖർ, 35 വയസ്, ബ്രാഹ്മിൻ, അയ്യങ്കാർ, ബി ടെക്- ഫിറ്റ്നെസ് പ്രൊഫഷണൽ’ എന്നാണ് സ്വാതിയുടെ ചിത്രത്തിനൊപ്പം കുറിച്ചിരിക്കുന്നത്. ഇങ്ങനെ ഒരു പ്രൊഫൈൽ താൻ ഉണ്ടാക്കിയിട്ടില്ലെന്ന് യുവതി പറയുന്നു. സ്വാതിയുടെ ഭർത്താവിനെയും വീഡിയോയിൽ കാണാം. ഇതാണ് തന്റെ ഭർത്താവ് എന്നും തങ്ങൾ കണ്ടുമുട്ടിയത് ഈ ആപ്പ് വഴി അല്ല എന്നും സ്വാതി പറയുന്നു.

View this post on Instagram

A post shared by Swati Mukund (@swatimukund)

ഇത് ഭാരത് മാട്രിമോണിയുടെ എലൈറ്റ് സബ്സ്ക്രിപ്ഷന്റെ ഭാ​ഗമാണ് എന്നതാണ് സ്വാതിയെ കൂടുതൽ ആശങ്കപ്പെടുത്തുന്നത്. ഇത്തരം ആപ്പുകൾ ഉപയോ​ഗിക്കുന്നവർ ജാ​ഗ്രതയോടെയിരിക്കണം എന്നും അവർ പറയുന്നു. തന്റെ ചിത്രം ഉപയോ​ഗിച്ച മാട്രിമോണി ആപ്പിനെതിരെ സ്വാതി പങ്കുവച്ച പോസ്റ്റ് വളരെ പെട്ടെന്നാണ് ആളുകളുടെ ശ്രദ്ധയാകർഷിച്ചത്. നിരവധിപ്പേരാണ് വീഡിയോയ്ക്ക് കമന്റുകളുമായി എത്തിയത്.