ദേശീയപാത ടോള്‍ ഏജന്‍സികള്‍ക്കെതിരെ കടുത്ത നിലപാടുമായി കേന്ദ്രസര്‍ക്കാര്‍. ജനങ്ങള്‍ക്ക് നല്ല റോഡുകള്‍ നല്‍കാനായില്ലെങ്കില്‍ ദേശീയപാത ഏജന്‍സികള്‍ ടോള്‍ പിരിക്കരുതെന്ന് കേന്ദ്ര ഉപരിതല ഗതാഗത വകുപ്പ് മന്ത്രി നിതിന്‍ ഗഡ്കരി. ഗുണനിലവാരമുള്ള റോഡുകള്‍ തയ്യാറാക്കി വേണം ടോള്‍ പിരിക്കാനെന്നും ഗഡ്കരി കൂട്ടിച്ചേര്‍ത്തു.
ഉപഗ്രഹ സഹായത്തോടെയുള്ള ടോള്‍ പിരിവ് സംവിധാനത്തെ കുറിച്ചുള്ള ഒരു സെമിനാറില്‍ സംസാരിക്കുകയായിരുന്നു കേന്ദ്ര മന്ത്രി. പൊട്ടിപ്പൊളിഞ്ഞ കുഴികള്‍ നിറഞ്ഞ റോഡുകളില്‍ ടോള്‍ പിരിച്ചാല്‍ ജനങ്ങളില്‍ നിന്ന് തിരിച്ചടിയുണ്ടാകും. മികച്ച റോഡുകള്‍ ഒരുക്കി വേണം ജനങ്ങളില്‍ നിന്ന് ടോള്‍ പിരിക്കാനെന്നും ഗഡ്കരി നിര്‍ദ്ദേശം നല്‍കി.
നേരത്തെ ദേശീയ പാതയിലെ ടോള്‍ നിരക്കുകള്‍ വര്‍ദ്ധിപ്പിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് മന്ത്രിയുടെ നിര്‍ദ്ദേശം ശ്രദ്ധേയമാകുന്നത്. അതേസമയം ഫാസ്ടാഗ് സംവിധാനത്തിന് പകരം പുതിയ പദ്ധതി നടപ്പാക്കാനൊരുങ്ങുകയാണ് കേന്ദ്ര സര്‍ക്കാര്‍. സാറ്റ്‌ലൈറ്റ് സഹായത്തോടെ ജിപിഎസും ക്യാമറയും ഉപയോഗിച്ച് ടോള്‍ ഈടാക്കാനാണ് കേന്ദ്ര സര്‍ക്കാര്‍ നീക്കം.
ഇതിനായി സാറ്റ്‌ലൈറ്റ് അധിഷ്ഠിത ടോള്‍ പിരിവിന്റെ സാധ്യതകളാണ് കേന്ദ്രം പരിശോധിക്കുന്നത്. പദ്ധതി ആദ്യ ഘട്ടത്തില്‍ വാണിജ്യ വാഹനങ്ങളില്‍ പരിശോധിക്കാനാണ് ലക്ഷ്യമിടുന്നത്.