തിരഞ്ഞെടുപ്പിൽ മാതാപിതാക്കൾ തനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ നിരാഹാരമിരിക്കാൻ കുട്ടികളോട് ആഹ്വാനം ചെയ്ത് വിവാദത്തിലായി ശിവസേന ഏകനാഥ് ഷിൻഡെ വിഭാഗം എംഎൽഎ സന്തോഷ് ബംഗർ. തിരഞ്ഞെടുപ്പ് പ്രചാരണങ്ങളിൽ കുട്ടികളെ ഉൾപ്പെടുത്തരുതെന്ന് ഇലക്ഷൻ കമ്മീഷൻ കഴിഞ്ഞ ദിവസം കർശന നിർദേശം നൽകിയതിന് പിന്നാലെയാണ് എംഎൽഎയുടെ ആഹ്വാനം.
‘അടുത്ത തിരഞ്ഞെടുപ്പിൽ നിങ്ങളുടെ മാതാപിതാക്കൾ എനിക്ക് വോട്ട് ചെയ്തില്ലെങ്കിൽ രണ്ട് ദിവസം ഭക്ഷണം കഴിക്കരുത്. എന്തുകൊണ്ട് ഭക്ഷണം കഴിക്കുന്നില്ലെന്ന് അച്ഛനമ്മമാർ ചോദിച്ചാൽ അവരോട് പറയണം, സന്തോഷ് ബംഗറിന് വോട്ട് ചെയ്യൂ, എങ്കിൽ മാത്രമേ ഞങ്ങൾ ഭക്ഷണം കഴിക്കൂ എന്ന്’ എന്നായിരുന്നു എംഎൽഎ പറഞ്ഞത്.
മഹാരാഷ്ട്രയിലെ കലംനൂരി എംഎൽഎയാണ് സന്തോഷ് ബംഗർ. ഹിംഗോലി ജില്ലയിലെ ഒരു സ്കൂളിൽ നടന്ന പരിപാടിയിലാണ് എംഎൽഎ കുട്ടികളോട് വിവാദമായ ആഹ്വാനം നടത്തിയത്. 10 വയസ്സിൽ താഴെ പ്രായമുള്ള കുട്ടികളോടായിരുന്നു എംഎൽഎയുടെ ആഹ്വാനം. സംഭവത്തിൻ്റെ വീഡിയോ സമൂഹ മാധ്യമങ്ങളിൽ വൈറലായതോടെ എംഎൽഎയ്ക്കെതിരെ നടപടി ആവശ്യപ്പെട്ട് പലരും രംഗത്തെത്തി. തിരഞ്ഞെടുപ്പ് കമ്മീഷൻ്റെ നിർദ്ദേശത്തിന് വിരുദ്ധമാണ് ബംഗാറുടെ പ്രസ്താവനയെന്ന് എൻസിപി-എസ്പി വക്താവ് ക്ലൈഡ് ക്രാസ്റ്റോ പറഞ്ഞു. ബിജെപിയുടെ സഖ്യകക്ഷിയായതിനാലാണ് ഇയാൾ ഇപ്പോഴും സ്വതന്ത്രനായി നടക്കുന്നതെന്നും അദ്ദേഹം ആരോപിച്ചു.
മുൻപും ഏറെ വിവാദ പ്രസ്താവനകൾക്കും ഞെട്ടിപ്പിക്കുന്ന പേരുകേട്ടയാളാണ് സന്തോഷ് ബംഗർ. 2024ലെ ലോക്‌സഭാ തിരഞ്ഞെടുപ്പിന് ശേഷം നരേന്ദ്ര മോദി പ്രധാനമന്ത്രിയായി തിരിച്ചെത്തിയില്ലെങ്കിൽ തൂങ്ങിമരിക്കുമെന്ന് പറഞ്ഞതായിരുന്നു ഈ അടുത്ത കാലത്തെ ബംഗാറിന്റെ ഞെട്ടിപ്പിക്കുന്ന പ്രസ്താവന. കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ഉത്സവ റാലിക്കിടെ വാൾ വീശിയതിന് കളംനൂരി പൊലീസ് ബംഗാറിനെതിരെ കേസെടുത്തിരുന്നു. 2022ൽ, തൊഴിലാളികൾക്കുള്ള ഉച്ചഭക്ഷണ പരിപാടിയുടെ കാറ്ററിംഗ് മാനേജരെ ഇയാൾ തല്ലുന്ന വീഡിയോയും വൈറലായിരുന്നു.