ഇന്ത്യക്കെതിരെ വീണ്ടും ഭീഷണിയുമായി പാകിസ്ഥാൻ പ്രതിരോധ മന്ത്രി ഖവാജ ആസിഫ്. വെള്ളം നൽകിയില്ലെങ്കിൽ യുദ്ധം, പാകിസ്ഥാൻ ആണവ രാഷ്ട്രമാണെന്ന കാര്യം മറക്കരുതെന്നും മന്ത്രി പറഞ്ഞു. സിന്ധു നദീജല കരാർ റദ്ദാക്കാനുള്ള ഇന്ത്യയുടെ നീക്കത്തിന് പിന്നാലെയാണ് പാകിസ്ഥാൻ്റെ ഭീഷണി. പിന്നാലെ നിയന്ത്രണ രേഖയിൽ ഇന്നലെ രാത്രിയും പാകിസ്ഥാൻ്റെ ഭാഗത്ത് നിന്ന് പ്രകോപനമുണ്ടായി.
പെഹൽഗാം ആക്രമണത്തിൽ രാജ്യാന്തര തലത്തിൽ അന്വേഷണം വേണം, ഇതിന് രാജ്യാന്തര അന്വേഷകരുമായി പ്രവർത്തിക്കാൻ തയാറാണ്. രാജ്യാന്തര പ്രതിനിധികൾ നടത്തുന്ന ഏതൊരു അന്വേഷണവുമായും പാക്കിസ്ഥാൻ സഹകരിക്കാൻ തയാറാണെന്നും ബ്രിട്ടിഷ് ചാനലായ സ്കൈ ന്യൂസിനു നൽകിയ അഭിമുഖത്തിൽ ഖവാജ ആസിഫ് പറഞ്ഞു.
പഹൽഗാം ഭീകരാക്രമണത്തിനു പിന്നിൽ ലഷ്കറെ തയിബയുമായി ബന്ധമുള്ള ഭീകരസംഘടനയാണെന്ന ആരോപണവും അസിഫ് നിഷേധിച്ചു. ലഷ്കറെ തയിബ പാക്കിസ്ഥാനിൽ ഇപ്പോഴില്ല. അത് നാമാവശേഷമായതാണ്. ഇല്ലാത്ത സംഘടനയ്ക്ക് എങ്ങനെ ഒരു പുതിയ ശാഖ പിറക്കും ? എന്നാണ് അസിഫ് ചോദിച്ചത്.
പാകിസ്ഥാൻ ഭീകരവാദികളെ സഹായിക്കാറുണ്ടെന്ന് വെളിപ്പെടുത്തി ഖവാജ ആസിഫ് രംഗത്തെത്തിയിരുന്നു. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി ഭീകരവാദികൾക്ക് സാമ്പത്തിക സഹായവും പരിശീലനവും നൽകുന്നുണ്ട് എന്നാണ് ഖവാജ ആസിഫ് വെളിപ്പെടുത്തിയത്. ഇസ്ലാമാബാദിൽ മാധ്യമപ്രവർത്തകരോട് സംസാരിക്കവേയാണ് പാക് പ്രതിരോധമന്ത്രി നിർണായക വെളിപ്പടുത്തൽ നടത്തിയത്. പാകിസ്ഥാൻ ഭീകരവാദികൾക്ക് സഹായം ചെയ്യുന്നുണ്ടെന്ന് ഇന്ത്യ നിരന്തരം ആരോപിക്കുന്നതിനിടെയാണ് പാക് മന്ത്രിയുടെ വെളിപ്പെടുത്തൽ.
എന്നാൽ ഭീകരവാദികളെ സഹായിക്കാൻ പാകിസ്ഥാൻ നിർബന്ധിതമായതിന് പിന്നിൽ പാശ്ചാത്യ രാജ്യങ്ങളായിരുന്നുവെന്നാണ് മന്ത്രിയുടെ ന്യായീകരണം. കഴിഞ്ഞ മൂന്ന് പതിറ്റാണ്ടായി യുഎസിനും, ബ്രിട്ടണുൾപ്പെടെയുള്ള പാശ്ചാത്യ രാജ്യങ്ങൾക്കും വേണ്ടിയാണ് ഈ പ്രവൃത്തി ഞങ്ങൾ ചെയ്തുകൊണ്ടിരുന്നതെന്ന് ഖവാജ ആസിഫ് പറഞ്ഞു. എന്നാൽ അതൊരു വലിയ തെറ്റായിരുന്നുവെന്നും പാകിസ്ഥാൻ ഇപ്പോൾ അതിന്റെ പരിണിത ഫലങ്ങൾ നേരിടുകയാണെന്നും പാക് പ്രതിരോധ മന്ത്രി വിശദീകരിച്ചു.
അതേസമയം ഭീകരാക്രമണത്തിൽ ഇന്റലിജൻസ് വിവരവും അന്വേഷണവും പാകിസ്ഥാൻ്റെ പങ്കിലേക്കാണ് വിരൽ ചൂണ്ടുന്നതെന്ന് പ്രധാനമന്ത്രി നരേന്ദ്ര മോദിയും വിദേശകാര്യ മന്ത്രാലയവും ലോക നേതാക്കളോട് വിശദീകരിച്ചിട്ടുണ്ട്. കശ്മീർ താഴ്‌വരയിലെ വിനോദസഞ്ചാര കേന്ദ്രങ്ങളിലെ സുരക്ഷ അവലോകനം ചെയ്യാൻ സൈന്യം തീരുമാനിച്ചിട്ടുണ്ട്. അമർനാഥ് യാത്ര നടക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് നടപടി.
രാജ്യത്തെ വിനോദ സഞ്ചാര മേഖല സുരക്ഷിതമെന്ന് വിദേശ രാജ്യങ്ങളെ ഇന്ത്യ അറിയിച്ചിട്ടുണ്ട്. ഇന്ത്യയിലേക്കുള്ള യാത്ര തടയുന്ന മാർഗനിർദ്ദേശങ്ങൾ നൽകരുതെന്ന് രാജ്യങ്ങളോട് ഇന്ത്യ അഭ്യർത്ഥിച്ചു. അമേരിക്കയും, ബ്രിട്ടണും മാർഗ നിർദ്ദേശങ്ങൾ നൽകിയ സാഹചര്യത്തിലാണ് ഇന്ത്യയുടെ അഭ്യർത്ഥന.