ലോക്‌സഭ തിരഞ്ഞെടുപ്പില്‍ ശരദ് പവാറിന്റെ മകള്‍ സുപ്രിയ സുലെയ്‌ക്കെതിരെ തന്റെ ഭാര്യയെ മത്സരിപ്പിച്ചത് തെറ്റായിപ്പോയെന്ന് മഹാരാഷ്ട്ര ഉപമുഖ്യമന്ത്രിയും എന്‍സിപി നേതാവുമായ അജിത് പവാര്‍. ഭാര്യ സുനേത്ര പവാറിനെ സുപ്രിയ സുലെയ്‌ക്കെതിരെ മത്സരിപ്പിച്ച സംഭവത്തിലായിരുന്നു അജിത് പവാര്‍ കുറ്റബോധം പ്രകടിപ്പിച്ചത്.
മഹാരാഷ്ട്രയില്‍ നിയമസഭ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടത്തുന്ന ജനസമ്പര്‍ക്ക പരിപാടിയ്ക്കിടെയായിരുന്നു അജിത് പവാറിന്റെ വെളിപ്പെടുത്തല്‍. ജന്‍ സമ്മാന്‍ യാത്ര എന്ന പേരിലാണ് ജനസമ്പര്‍ക്ക പരിപാടി നടത്തിവരുന്നത്. രാഷ്ട്രീയത്തെ കുടുംബത്തില്‍ പ്രവേശിക്കാന്‍ അനുവദിക്കരുതെന്നായിരുന്നു ഇതേ കുറിച്ച് അജിത് പവാര്‍ ഒരു മറാത്തി വാര്‍ത്ത ചാനലിനോട് പ്രതികരിച്ചത്.
നേരത്തെ ശരദ് പവാര്‍ പക്ഷത്ത് നിന്ന് ശിവസേനയ്‌ക്കൊപ്പം പോയ അജിത് പവാര്‍ ഇത്തവണ ബാരാമതി സീറ്റില്‍ സുപ്രിയ സുലെയ്‌ക്കെതിരെ ഭാര്യ സുനേത്ര പവാറിനെ മത്സരിപ്പിച്ചെങ്കിലും പരാജയമായിരുന്നു ഫലം. തുടര്‍ന്ന് സുനേത്ര രാജ്യസഭയിലേക്ക് തിരഞ്ഞെടുക്കപ്പെടുകയായിരുന്നു. കഴിഞ്ഞ വര്‍ഷം ജൂലൈയില്‍ ആയിരുന്നു ശരദ് പവാര്‍ പക്ഷത്ത് നിന്ന് അജിത് പവാര്‍ ശിവസേനയ്‌ക്കൊപ്പം എന്‍ഡിഎയില്‍ ചേര്‍ന്നത്.