ഡല്‍ഹി മെട്രോയുടെ പുതിയ ലൈന്‍ ഉദ്ഘാടനചടങ്ങില്‍ നിന്ന്് തന്നെ ഒഴിവാക്കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് എട്ടിന്റെ പണികൊടുത്ത് മുഖ്യമന്ത്രി അരവിന്ദ് കെജ് രിവാള്‍. ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥിനെ വരെ ഉദ്ഘാടനചടങ്ങില്‍ പങ്കെടപ്പിച്ചെങ്കിലും കെജ് രിവാളിനെ ഒഴിവാക്കിയത് പൊതു സമൂഹത്തില്‍ നിന്ന് വലിയ എതിര്‍പ്പിന് കാരണമായിരുന്നു. എന്നാല്‍ തന്നെ ഒഴിവാക്കിയതില്‍ അസംതൃപ്തിയുള്ളവര്‍ എഎപിയ്ക്ക് സംഭാവന ചെയ്ത് പ്രതിഷേധിക്കണമെന്നാണ് പാര്‍ട്ടി പ്രവര്‍ത്തകരോടും അനുഭാവികളോടുമുള്ള കെജ് രിവാളിന്റെ അഭ്യര്‍ഥന.
“മെട്രോയുടെ മെജന്ത ലൈന്‍ ഉദ്ഘാടനത്തിന് ഡല്‍ഹി മുഖ്യമന്ത്രിയെ ഒഴിവാക്കി. ഇതില്‍ നിങ്ങള്‍ക്ക് ദേഷ്യമുണ്ടെങ്കില്‍ പാര്‍ട്ടിക്ക് സംഭാവന ചെയ്യുക”-എഎപിയുടെ ഔദ്യോഗീക ഫേസ്ബുക്ക് പേജിലെ പോസ്റ്റില്‍ പറയുന്നു. മുഖ്യമന്ത്രിയെ ഒഴിവാക്കിയത് ഡല്‍ഹിയിലെ ജനങ്ങളോടുള്ള അവഹേളനമാണെന്ന് ഉപമുഖ്യമന്ത്രി മനീഷ് സിസോദിയ നേരത്തെ ആരോപിച്ചിരുന്നു.
ഉത്തര്‍പ്രദേശിലെ നോയിഡയിലുള്ള ബൊട്ടാണിക്കല്‍ ഗാര്‍ഡനെ ഡെല്‍ഹി മെട്രോയുമായി ബന്ധിപ്പിക്കുന്ന മെജന്താ ലൈന്‍ 12.38 കിലോമീറ്റര്‍ നീളമാണുള്ളത്. ഡെല്‍ഹി മെട്രോ കോര്‍പ്പറേഷനില്‍ 50 ശതമാനം പങ്കാളിത്തമുള്ള ഡെല്‍ഹി മുഖ്യമന്ത്രിയെ എന്നാല്‍ ഉദ്ഘാടന ചടങ്ങില്‍ നിന്ന് പ്രധാനമന്ത്രി ഒഴിവാക്കുകയായിരുന്നു. ഇതിനാണ് ഉരളക്കുപ്പേരി പോലെ കെജ് രിവാള്‍ മറുപടി നല്‍കിയത്. അനുഭാവികളില്‍ നിന്നു ലഭിക്കുന്ന സംഭാവനയാണ് എഎപിയുടെ മുഖ്യവരുമാനം.