ബി.ജെ.പിയുടെ വാർഷിക വരുമാനത്തിൽ റെക്കോഡ് വർദ്ധന. കഴിഞ്ഞ സാമ്പത്തിക വർഷം 50 ശതമാനത്തിന്റെ വർദ്ധനയാണ് ബി.ജെ.പിയുടെ വരുമാനത്തിലുണ്ടായത്.
2018– 19 വർഷത്തിൽ പാർട്ടിയുടെ വാർഷിക വരുമാനം 2,410 കോടി രൂപയായിരുന്നെങ്കിൽ 2019-20 വർഷത്തിൽ ഇത് 3,623 കോടി രൂപയായി കുതിച്ചുയർന്നു.
ഇലക്ടറൽ ബോണ്ടുകളാണ് ബി.ജെ.പിയുടെ വരുമാനത്തിലെ പ്രധാന സ്രോതസ്. 3,623 കോടി രൂപയിൽ 2555 കോടി രൂപയും ഇലക്ടറൽ ബോണ്ടുകളിൽ നിന്നാണ് ലഭിച്ചത്. സംഭാവനകളായി ലഭിച്ച 844 കോടിയിൽ 244 കോടിരൂപ വ്യക്തി സംഭാവനകൾ ആണ്.
വരുമാനത്തിന് അനുസരിച്ച് പാർട്ടിയുടെ ചെലവും വർദ്ധിച്ചു. തിങ്കളാഴ്ച തിരഞ്ഞെടുപ്പ് കമ്മീഷൻ പുറത്തുവിട്ട 2019-20 വർഷത്തെ ബിജെപിയുടെ വാർഷിക ഓഡിറ്റ് റിപ്പോർട്ട് പ്രകാരം 1,651 കോടി രൂപയായാണ് പാർട്ടി കഴിഞ്ഞ വർഷം ചെലവഴിച്ചത്.
കോൺഗ്രസ്, തൃണമൂൽ കോൺഗ്രസ്, സി.പി.ഐ.എം, സി.പി.ഐ, ബി.എസ്.പി, എൻ.സി.പി എന്നീ ആറ് ദേശീയ പാർട്ടികൾക്ക് ലഭിച്ച പണത്തിന്റെ മൂന്നിരട്ടിയാണ് ബി.ജെ.പിയുടെ സമ്പാദ്യം.
മുഖ്യപ്രതിപക്ഷ പാർട്ടിയായ കോൺഗ്രസിനേക്കാൾ 5.3 മടങ്ങ് വരും ബി.ജെ.പിയുടെ വരുമാനമെന്നാണ് അസോസിയേഷൻ ഓഫ് ഡെമോക്രാറ്റിക് റീഫോംസിന്റെ വിലയിരുത്തൽ.
പ്രതിപക്ഷത്തായതോടെ കോൺഗ്രസിന്റെ വരുമാനം കുത്തനെ കുറഞ്ഞു. കഴിഞ്ഞ വർഷത്തിൽ നിന്നും 25 ശതമാനം കുറവാണ് കോൺഗ്രസിന്റെ വരുമാനത്തിൽ ഉണ്ടായത്.
കോൺഗ്രസിന്റെ വരുമാനം 998 കോടി രൂപയിൽ നിന്ന് 682 കോടി രൂപയായി. തൃണമൂൽ കോൺഗ്രസ് 143.7 കോടി, സി.പി.ഐ.എം 158.6 കോടി, ബിഎസ്പി 58.3 കോടി, എൻസിപി 85.6 കോടി, സിപിഐ 6.6 കോടി എന്നിങ്ങനെയാണ് മറ്റ് ദേശീയ പാർട്ടികളുടെ വരുമാനം.