ഇന്ത്യയിലെ രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് 2000 രൂപയില്‍ കൂടുതല്‍ സംഭാവന നല്‍കരുതെന്ന് ആദായനികുതി വകുപ്പിന്റെ കര്‍ശന നിര്‍ദ്ദേശം. രാഷ്ട്രീയ പാര്‍ട്ടികള്‍ക്ക് അനധികൃതമായി സംഭാവനകള്‍ ലഭിക്കുന്നുണ്ടെന്ന് കണ്ടെത്തിയതിന്റെ അടിസ്ഥാനത്തിലാണ് കേന്ദ്ര ആദായ നികുതി വകുപ്പ് കര്‍ശന നിര്‍ദ്ദേശം പുറപ്പെടുവിച്ചിരിക്കുന്നത്.
തിരഞ്ഞെടുപ്പ കാലത്തെ് പാര്‍ട്ടിഫണ്ട് എന്ന വ്യാജേന കണക്കില്ലാത്ത പണം എത്തുന്നത് തടയാന്‍ ,പണകൈമാറ്റം നടത്തേണ്ടത് ഇലക്ടറല്‍ ബോണ്ട് മാതൃകയില്‍ എസ്ബിഐയുടെ തിരഞ്ഞെടുത്ത ശാഖകളിലൂടെയായിരിക്കണമെന്ന് വര്‍ഷാരാംഭത്തില്‍ ആദായനികുതി വകുപ്പ് നിര്‍ദ്ദേശിച്ചിരുന്നു. ഇപ്പോഴത്തെ ഉത്തരവ് പ്രകാരം 2000 രൂപയില്‍ കൂടുതല്‍ ഒരു രാഷ്ട്രീയ പാര്‍ട്ടിക്കും നല്‍കരുതെന്നും ഇലക്ടറല്‍ ബോണ്ട് സംവിധാനം ഉപയോഗിക്കണമെന്നുമാണ് പറഞ്ഞിരിക്കുന്നത്. ഇതു സംബന്ധിച്ച് പ്രമുഖ മാധ്യമങ്ങളില്‍ പരസ്യവും ആദായ നികുതി വകുപ്പ് നല്‍കിയിട്ടുണ്ട്.
ഔദ്യോഗികമായി പാര്‍ട്ടികള്‍ക്ക് പണം നല്‍കുന്നതിനുള്ള മാര്‍ഗ്ഗമാണ് ഇലക്ടറല്‍ ബോണ്ടുകള്‍. ജനുവരി,ഏപ്രില്‍, ജൂലൈ, ഒക്ടോബര്‍ മാസങ്ങളിലെ 10 ദിവസം തിരഞ്ഞെടുത്ത എസ്ബിഐ ശാഖകളില്‍ നിന്ന് ഇലക്ടറല്‍ ബോണ്ടുകള്‍ അയക്കാം. ഒരു ബോണ്ടിന് 15 ദിവസം മാത്രമെ മൂല്യമുണ്ടാകുകയുള്ളു.
പ്രത്യേക പരിപാടികള്‍ക്കുവേണ്ടി രണ്ട് ലക്ഷം രൂപയിലധികം പണം ഒരു ദിവസംതന്നെ ഒരാളില്‍ നിന്ന് കൈപറ്റരുതെന്നും ആദായ നികുതിവകുപ്പിന്റെ നിര്‍ദ്ദേശമുണ്ട്. പരിധിയില്‍ കൂടുതല്‍ പാര്‍ട്ടികള്‍ക്ക് സംഭാവന നല്‍കുന്നവരില്‍ നിന്ന് നികുതി ഈടാക്കുമെന്നും ഉത്തരവില്‍ പറയുന്നു.