അമേരിക്കയിലെ ഹ്യൂസ്റ്റണില്‍ നടന്ന ഹൗഡി മോഡി പരിപാടിയില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ “അബ് കി ബാര്‍ ട്രംപ്” എന്ന പരാമര്‍ശത്തെ ദുര്‍വ്യാഖ്യാനിക്കരുതെന്ന് വിദേശകാര്യ മന്ത്രി എസ്.ജയശങ്കര്‍. ഇന്ത്യയ്ക്ക് അമേരിക്കന്‍ രാഷ്ട്രീയത്തില്‍ പ്രത്യേക പക്ഷമില്ലെന്നും ജയശങ്കര്‍ പറഞ്ഞു. മൂന്നു ദിവസത്തെ യു.എസ് സന്ദര്‍ശനത്തിന് വാഷിംഗ്ടണില്‍ എത്തിയപ്പോഴാണ് ജയശങ്കര്‍ ഇക്കാര്യം വ്യക്തമാക്കിയത്.
ഹൗഡി മോദി പരിപാടിക്കിടെ പ്രസംഗിക്കുമ്പോള്‍ മോദി നടത്തിയ “അബ് കി ബാര്‍ ട്രംപ്” സര്‍ക്കാര്‍ എന്ന പ്രസ്താവന, 2020- ല്‍ നടക്കാനിരിക്കുന്ന
യു.എസ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ട്രംപിന് അനുകൂലമായി നടത്തിയ പ്രചാരണമായിരുന്നെന്ന് പലയിടങ്ങളില്‍ നിന്നും വിമര്‍ശനം ഉയര്‍ന്നിരുന്നു.എന്നാല്‍ അമേരിക്കയിലെ ഇന്ത്യന്‍ സമൂഹത്തിനു മുന്നില്‍ ട്രംപ് പറയാറുള്ള പ്രചാരണ വാക്യം പരാമര്‍ശിക്കുക മാത്രമാണ് മോദി ചെയ്തതെന്ന് ജയ്ശങ്കര്‍ വിശദീകരിച്ചു.
“പ്രധാനമന്ത്രി പറഞ്ഞത് എന്താണെന്ന് വളരെ ശ്രദ്ധിച്ചു കേള്‍ക്കുക. പ്രസിഡന്റ് സ്ഥാനാര്‍ത്ഥിയായ ട്രംപ് ജനങ്ങളോട് പറയാറുള്ള വാചകം തന്റെ പ്രസംഗത്തില്‍ സൂചിപ്പിക്കുക മാത്രമാണ് അദ്ദേഹം ചെയ്തതെന്നാണ് ഞാന്‍ മനസ്സിലാക്കുന്നത്” ജയശങ്കര്‍ പറഞ്ഞു. പ്രധാനമന്ത്രി പറഞ്ഞതിനെ തെറ്റായി വ്യാഖ്യാനിക്കരുതെന്നും അങ്ങനെ ചെയ്യുന്നത് നല്ല കാര്യമാണെന്ന് താന്‍ കരുതുന്നില്ലെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
ഹൗഡി മോദി പരിപാടിക്കിടെ “ഒരിക്കല്‍ കൂടി ട്രംപ് സര്‍ക്കാര്‍” എന്ന മുദ്രാവാക്യത്തോടെയാണ് മോദി ട്രംപിനെ വേദിയിലേയ്ക്ക് സംസാരിക്കാന്‍ ക്ഷണിച്ചത്. അടുത്ത തിരഞ്ഞെടുപ്പില്‍ ഡമോക്രാറ്റുകള്‍ക്കു മുന്‍തൂക്കമുള്ള ഹ്യൂസ്റ്റണിലെ ഇന്ത്യക്കാരുടെ വോട്ട്, മോദിയുടെ സഹായത്തോടെ തേടുകയാണ് ഹൗഡി മോദി പരിപാടിയിലൂടെ ട്രംപ് ചെയ്തതെന്ന് വിമര്‍ശനം ഉയര്‍ന്നിരുന്നു.