മധ്യപ്രദേശിൽ കോൺഗ്രസ് പാർട്ടിയുടെ തലപ്പത്ത് ആരു വരുമെന്ന കാര്യത്തിൽ ജ്യോതിരാദിത്യ സിന്ധ്യയുമായി ഉണ്ടെന്ന് പറയപ്പെടുന്ന തർക്കം നിഷേധിച്ച് സംസ്ഥാനത്തിന്റെ മുഖ്യമന്ത്രി കമൽ നാഥ്. കോൺഗ്രസ് അദ്ധ്യക്ഷ സോണിയ ഗാന്ധിയുമായുള്ള കൂടിക്കാഴ്ചയ്ക്ക് ശേഷമായിരുന്നു ഇത്.
ജ്യോതിരാദിത്യ സിന്ധ്യ അസന്തുഷ്ടനാണെന്ന് കരുതുന്നില്ല, നിലവിൽ സംസ്ഥാന കോൺഗ്രസ് അദ്ധ്യക്ഷനായ കമൽ നാഥ്, സോണിയ ഗാന്ധിയുമായി അവരുടെ വീട്ടിൽ വെച്ച് നടന്ന കൂടിക്കാഴ്ചയ്ക്ക് ശേഷം മാധ്യമപ്രവർത്തകരോട് പറഞ്ഞു.
മധ്യപ്രദേശിലെ കോൺഗ്രസ് സംഘടനയെ കുറിച്ചും ലോക്സഭാ തിരഞ്ഞെടുപ്പിനു ശേഷം പുതിയ സംസ്ഥാന മേധാവിയെ നിയമിക്കേണ്ടതുണ്ടെന്നതിനെ കുറിച്ചും ആയിരുന്നു ചർച്ച എന്ന് മുഖ്യമന്ത്രി പറഞ്ഞു.
തനിക്ക് അദ്ധ്യക്ഷ പദവി ലഭിച്ചില്ലെങ്കിൽ മറ്റ് മാർഗ്ഗങ്ങൾ നോക്കാമെന്ന് സിന്ധ്യ ഭീഷണിപ്പെടുത്തി എന്ന റിപ്പോർട്ടുകളെ കുറിച്ച് ചോദിച്ചപ്പോൾ, “ഇത് ശരിയാണെന്ന് ഞാൻ കരുതുന്നില്ല, അയാൾക്ക് ആരോടെങ്കിലും ദേഷ്യമുണ്ടെന്ന് ഞാൻ കരുതുന്നില്ല, ” എന്ന് കമൽ നാഥ് പ്രതികരിച്ചു.
ആർട്ടിക്കിൾ 370 പ്രകാരം ജമ്മു കശ്മീരിന് പ്രത്യേക പദവി അവസാനിപ്പിക്കാനുള്ള കേന്ദ്ര സർക്കാർ തീരുമാനത്തെ പിന്തുണച്ചു കൊണ്ടുള്ള സിന്ധ്യയുടെ അഭിപ്രായപ്രകടനം, സിന്ധ്യക്ക് കോൺഗ്രസുമായുള്ള നീരസത്തെ കുറിച്ചുള്ള ഊഹാപോഹങ്ങൾക്ക് ആക്കം കൂട്ടി. അതേസമയം പാർട്ടി വിട്ട് പുറത്തു പോകുമോ എന്ന ചോദ്യത്തിന് ഒരു പ്രസക്തിയില്ലെന്നും അദ്ദേഹം പറഞ്ഞിരുന്നു.