രാജ്യവ്യാപകമായി ഡിജിറ്റല്‍ പണമിടപാട് സേവനമായ യുപിഐയില്‍ തകരാര്‍ നേരിടുന്നതായി പരാതി ഉയരുന്നു. ഡൗണ്‍ ഡിറ്റക്ടര്‍ വെബ്‌സൈറ്റ് ഇന്ന് രാവിലെ മുതല്‍ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്ന് പണം ട്രാന്‍സ്ഫര്‍ ചെയ്യാനാവാതെയും പേയ്‌മെന്റ് നടത്താന്‍ സാധിക്കാതെയും പരാതികള്‍ കുമിഞ്ഞുകൂടുന്നതായി രേഖപ്പെടുത്തിയിട്ടുണ്ട്. ഫോണുകളില്‍ യുപിഐ ആപ്പുകള്‍ ഉപയോഗിച്ച് സാധാരണ രീതിയില്‍ പേയ്‌മെന്റ്‌സ് സാധ്യമല്ലാതെ ആളുകള്‍ വലയുന്നുവെന്നാണ് ഉയരുന്ന പരാതികള്‍ സൂചിപ്പിക്കുന്നത്.
യുണിഫൈഡ് പേയ്‌മെന്റ് ഇന്റര്‍ഫെയ്‌സില്‍ തകരാര്‍ പ്രശ്‌നങ്ങള്‍ ഇന്ന് രാവിലെ മുതലാണ് രേഖപ്പെടുത്തി തുടങ്ങിയത്. ഒക്ടോബര്‍ 14 രാവിലെ ഏഴ് മണിമുതല്‍ വിവിധ ഇടങ്ങളില്‍ നിന്ന് യുപിഐ പ്രശ്‌നം സംബന്ധിച്ച് പരാതി ഉയരുകയും ഉച്ചയോടെ പ്രശ്‌നം വര്‍ധിച്ചതായും ഡൗണ്‍ ഡിറ്റക്ടര്‍ വെബ്സൈറ്റ് വിവരം നല്‍കുന്നുണ്ട്.
ചിലര്‍ക്ക് പണം അയക്കാന്‍ ഒട്ടും സാധിക്കാതിരിക്കുകയും ചിലര്‍ക്ക് അുവദനീയമായതിലും അധിക സമയം ട്രാന്‍സാക്ഷന് വേണ്ടി വരുന്നതായും പരാതി ഉയര്‍ന്നിട്ടുണ്ട്. ഗൂഗിള്‍ പേ, ക്രെഡ്, പേടിഎം അടക്കം ആപ്പുകളില്ലാം ഈ പ്രശ്നം നിലനില്‍ക്കുന്നുണ്ടെന്ന് ബാങ്കിംഗ് ഉപഭോക്താക്കള്‍ പറയുന്നു.
കൂടുതല്‍ സമയം കാത്തിരിക്കേണ്ടി വരുന്നതും കടകളിലടക്കം പേയ്‌മെന്റ് യുപിഐ ആപ്പുകള്‍ വഴി സാധ്യമാകാത്തതും ആളുകളെ വലയ്ക്കുന്നുണ്ട്. എന്നാല്‍ ഡൗണ്‍ ഡിറ്റക്ടറില്‍ ഉപഭോക്താക്കളുടെ പരാതി ഉയരുന്നത് കാണിക്കുന്നുണ്ടെങ്കിലും
പ്രശ്നം സ്ഥിരീകരിച്ചുകൊണ്ട് യുപിഐയോ നാഷണല്‍ പേയ്‌മെന്റ്‌സ് കോര്‍പ്പറേഷന്‍ ഓഫ് ഇന്ത്യയോ ഔദ്യോഗിക പ്രതികരണങ്ങള്‍ നടത്തിയിട്ടില്ല. എന്തുകൊണ്ടാണ് യുപിഐ സംവിധാനത്തില്‍ ഇടപാടുകള്‍ വൈകുന്നതും തടസ്സപ്പെടുന്നതെന്നും അതിനാല്‍ വ്യക്തമല്ല.