പ്രമുഖ ചരിത്രകാരൻ ഡോ. ഹരിശങ്കർ വാസുദേവൻ കോവിഡ് ബാധിച്ച് മരിച്ചു. 68 വയസ്സായിരുന്നു. കൊൽക്കത്തയിലെ സ്വകാര്യാശുപത്രിയിൽ ശനിയാഴ്ച പുലർച്ചെ ഒരുമണിയോടെയാണ് അന്ത്യം. കടുത്ത പനിയും ശ്വാസതടസ്സവും മൂലം മേയ് നാലിനാണ് അദ്ദേഹത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. തുടർന്ന് വെന്റിലേറ്ററിലാക്കിയിരുന്നു. ബുധനാഴ്ചയാണ് കോവിഡ് സ്ഥിരീകരിച്ചത്.
കേംബ്രിഡ്ജ് സർവകലാശാലയിൽ നിന്നാണ് ബിരുദവും ബിരുദാനന്തര ബിരുദവും ഡോക്ടറേറ്റും നേടിയ ഡോ. ഹരിശങ്കർ 1978 മുതൽ കൽക്കട്ട സർവകലാശാലയിൽ ചരിത്രവിഭാഗം അധ്യാപകനായിരുന്നു. സെൻട്രൽ ഏഷ്യൻ സ്റ്റഡീസിൽ പ്രഫസറായും ജാമിയ മിലിയ സർവകലാശാലയിലെ അക്കാദമി ഓഫ് തേഡ് വേൾഡ് സ്റ്റഡീസ് ഡയറക്ടറായും പ്രവർത്തിച്ചു. 2005 മുതൽ എൻസിഇആർടിയുടെ സാമൂഹികശാസ്ത്ര പാഠപുസ്തക വികസന സമിതി അധ്യക്ഷനാണ്.
പാലക്കാട് ശ്രീകൃഷ്ണപുരം മമ്പിള്ളിക്കളത്തിൽ കുടുംബാംഗമാണ് ഹരിശങ്കർ. ചരിത്രകാരി തപതി ഗുഹ താകുർത്തയാണ് ഭാര്യ. മകൾ: മൃണാളിനി