വിമാനയാത്രയില്‍ ശാരീരിക അസ്വസ്ഥതകളുമായി ബുദ്ധിമുട്ടിയ സഹയാത്രികനെ സഹായിച്ച് കേന്ദ്ര മന്ത്രി. കഴിഞ്ഞ ദിവസം രാത്രി ഡല്‍ഹിയില്‍ നിന്ന് മുംബൈയിലേക്കുള്ള ഇന്‍ഡിഗോ വിമാനത്തിലാണ് തലചുറ്റല്‍ അനുഭവപ്പെട്ട യാത്രികന് ധനവകുപ്പ് സഹമന്ത്രിയായ ഡോ. ഭഗവത് കരാഡ് സഹായവുമായി എത്തിയത്.
വാര്‍ത്താ ഏജന്‍സിയായ എഎന്‍ഐ പങ്കുവെച്ച ചിത്രങ്ങളില്‍ യാത്രികന് സമീപം എത്തി മന്ത്രി അദ്ദേഹത്തെ നിരീക്ഷിക്കുന്നത് കാണാം. തലചുറ്റല്‍ അനുഭവപ്പെട്ട യാത്രക്കാരന്‍ നന്നായി വിയര്‍ക്കുന്നുണ്ടായിരുന്നു എന്നും ബി.പി കുറവായിരുന്നെന്നും ഗ്ലൂക്കോസ് നല്‍കിയതിന് ശേഷം യാത്രക്കാരന്റെ നില മെച്ചപ്പെട്ടു എന്നും കരാഡ് എഎന്‍ഐയോട് പറഞ്ഞു.
യാത്രക്കാരനെ സഹായിച്ചതിന് വിമാനക്കമ്പനിയായ ഇന്‍ഡിഗോ എയര്‍ലൈന്‍സ് ട്വിറ്ററിലൂടെ കേന്ദ്ര മന്ത്രിയ്ക്ക് നന്ദി അറിയിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തി പ്രചോദനകരമാണെന്നും ട്വീറ്റില്‍ പറയുന്നു.
ഹൃദയമുള്ള ഒരു ഡോക്ടര്‍ എന്ന് വിശേഷിപ്പിച്ച് കൊണ്ട് പ്രധാനമന്ത്രി നരേന്ദ്ര മോദിയും ട്വിറ്ററിലൂടെ അദ്ദേഹത്തിന് അഭിനന്ദനം അറിയിച്ചു. മഹാരാഷ്ട്രയില്‍ നിന്നുള്ള രാജ്യസഭാംഗമായ ഡോ കരാഡ് ഒരു സര്‍ജനാണ്. ഔറംഗബാദില്‍ ഒരു ഹോസ്പിറ്റലിന്റെ ഉടമയായ അദ്ദേഹം നിരവധി മെഡിക്കല്‍ തസ്തികകളില്‍ സേവനമനുഷ്ഠിച്ചിട്ടുണ്ട്. രാജ്യസഭാംഗം ആകുന്നതിന് മുമ്പ് അദ്ദേഹം ഔറംഗബാദിന്റെ മേയറായിരുന്നു.