പൗരത്വ നിയമ ഭേദഗതിക്കും ദേശിയ പൗരത്വ പട്ടികയ്ക്കുമെതിരെ വിദ്യാര്‍ത്ഥികള്‍ നാടകം കളിച്ചതിനെ തുടര്‍ന്ന് കര്‍ണാടകയിലെ ഷഹീൻ എന്ന സ്കൂള്‍ അടച്ചുപൂട്ടി. നാടകം കളിച്ചതിന് കർണാടകയിലെ ബിദാറിലെ സ്കൂളിന്റെ മാനേജ്മെന്റിനെതിരെ കേസെടുത്തിട്ടുണ്ട്. ഞായറാഴ്ച റിപ്പബ്ലിക് ദിനത്തോട് അനുബന്ധിച്ചാണ് നാടകം അരങ്ങേറിയത്. പിന്നീട് ഈ നാടകത്തിന്‍റെ വീഡിയോ ഒരു സമൂഹ മാധ്യമത്തില്‍ അപ്‍ലോഡ് ചെയ്തു. ഇതിന് പിന്നാലെയാണ് സാമൂഹിക പ്രവര്‍ത്തകനായ നിലേഷ് രക്ഷ്യാല്‍ സ്കൂളിനെതിരെ പരാതി നല്‍കിയത്. ഇതോടെ പൊലീസ് എത്തി സ്കൂള്‍ സീല്‍ ചെയ്യുകയായിരുന്നു.
പ്രധാനമന്ത്രി നരേന്ദ്രമോദിക്കെതിരെ അപമാനകരമായ വാക്കുകൾ ഈ നാടകത്തിൽ ഉൾപ്പെടുത്തിയിട്ടുണ്ട് എന്ന് പൊലീസ് പറഞ്ഞു. പ്രധാനമന്ത്രിക്കെതിരായ നാടകം കളിക്കാന്‍ പ്രായപൂര്‍ത്തിയാകാത്ത വിദ്യാര്‍ത്ഥികളെ ഉപയോഗിച്ചുവെന്നാണ് സ്കൂളിനെതിരെ നല്‍കിയിരിക്കുന്ന പരാതിയില്‍ പറയുന്നത്. പൗരത്വ നിയമ ഭേഗഗതിയും ദേശീയ പൗരത്വ പട്ടികയും നടപ്പിലാക്കിയാല്‍ രാജ്യത്തെ ഒരു വിഭാഗം ജനങ്ങള്‍ ഈ രാജ്യം വിട്ടുപോകേണ്ടി വരുമെന്ന സന്ദേശമാണ് നാടകം നല്‍കുന്നതെന്നും ആരോപിക്കുന്നു. ആരെങ്കിലും രേഖകൾ ചോദിച്ചാൽ അവരെ ചെരിപ്പു കൊണ്ട് അടിക്കണം എന്ന് നാടകത്തിൽ അഭിനയിച്ച കുട്ടികൾ പറയുന്നുണ്ടെന്ന് പൊലീസ് പറഞ്ഞു. നാടകത്തിൽ അഭിനയിച്ച വിദ്യാർത്ഥികളെ ആരാണ് പരിശീലിപ്പിച്ചതെന്ന് അറിയാൻ ചോദ്യം ചെയ്തതായും പൊലീസ് സ്ഥിരീകരിച്ചു.
സര്‍ക്കാര്‍ നയത്തെയും പദ്ധതികളെയും കുറിച്ച് തെറ്റായ സന്ദേശം നല്‍കുന്ന നാടകം സമൂഹ മാധ്യമങ്ങളില്‍ വൈറലായ രീതി സമൂഹത്തിലെ സമാധാനം തകര്‍ക്കുന്നതാണെന്നും രക്ഷ്യാല്‍ ആരോപിക്കുന്നു. ആർ.എസ്.എസ് അനുബന്ധ വിദ്യാർത്ഥി സംഘടനയായ എബിവിപി നാടകം അപമാനകരമാണെന്ന് പറഞ്ഞ് പ്രതിഷേധിച്ചിരുന്നു. എബിവിപി ആഭ്യന്ത്രമന്ത്രിക്ക് നിവേദനം സമര്‍പ്പിക്കുകയും ചെയ്തു.