'ഡ്രീം ഗേള്‍' ജീവിതത്തിലേക്കെത്തി; യുവാവിന് നഷ്ടമായത് 80,000 രൂപ

സ്ത്രീകളുടെ ശബ്ദത്തില്‍ പുരുഷന്മാരെ വിളിച്ച് പണം തട്ടുന്ന കഥ പറയുന്ന ചിത്രമാണ് ആയുഷ്മാന്‍ ഖുറാന അഭിനയിച്ച ഡ്രീം ഗേള്‍. ചിത്രം കണ്ട് പ്രചോദനം ഉള്‍ക്കൊണ്ട് ഇത്തരത്തില്‍ പണം തട്ടിയ യുവാവ് പൊലീസിന്റെ പിടിയിലായി. കോ-ഇ-ഫിസ പൊലീസ് വ്യാഴാഴ്ചയാണ് പ്രതിയായ യുവാവിനെ പിടികൂടിയത്.

സാമൂഹ്യമാധ്യമത്തിലൂടെ സൗഹൃദം സ്ഥാപിച്ച ശേഷം യുവാവില്‍ നിന്ന് 80,000രൂപ തട്ടിയെടുത്തതായാണ് പരാതി. ലാല്‍ഘട്ടി സ്വദേശിയായ അമന്‍ നാംദേവ് എന്ന യുവാവിന്റെ പരാതിയിലാണ് പ്രതിയെ പിടികൂടിയത്. അമന്‍ സാമൂഹ്യ മാധ്യമത്തിലൂടെ ശിവാനി രഘുവംശി എന്ന പെണ്‍കുട്ടിയുമായി സൗഹൃദത്തിലായി.

കുറച്ച് ദിവസത്തെ സൗഹൃദത്തിന് ശേഷം പെണ്‍കുട്ടി അമനെ വിവാഹം കഴിക്കണമെന്ന് ആവശ്യപ്പെട്ടു. തനിക്ക് സാധിക്കില്ലെന്ന് അമന്‍ അറിയിച്ചതോടെ ശിവാനി ആത്മഹത്യ ഭീഷണി മുഴക്കി. ഇതിനുപുറമേ പതിനായിരം രൂപയും ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അമന്‍ ഓണ്‍ലൈനായി പണം നല്‍കി.

കുറച്ച് ദിവസങ്ങള്‍ക്ക് ശേഷം അശു മെഹ്‌റ എന്നൊരാള്‍ അമനെ വിളിക്കുകയും ശിവാനി രഘുവംശിയുടെ സഹോദരനാണെന്ന് പരിചയപ്പെടുത്തുകയും ചെയ്തു. ശിവാനി ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നും നിലവില്‍ ചികിത്സയിലാണെന്നും ഇയാള്‍ അമനെ അറിയിച്ചു. സഹോദരിയ്ക്ക് അടിയന്തരമായി ഒരു ശസ്ത്രക്രിയ ആവശ്യമാണെന്നും അതിനായി 70,000 രൂപ നല്‍കണമെന്നും ആവശ്യപ്പെട്ടു.

Read more

അശു മെഹ്‌റ ആവശ്യപ്പെട്ട തുകയും നല്‍കിയ അമന് സംഭവത്തില്‍ സംശയം തോന്നിയതോടെ പരാതിയുമായി പൊലീസിനെ സമീപിക്കുകയായിരുന്നു. ഇതേ തുടര്‍ന്ന് പൊലീസ് അശു മെഹ്‌റയെ ചോദ്യം ചെയ്തതോടെയാണ് സംഭവങ്ങളുടെ ചുരുളഴിയുന്നത്. ശിവാനി താനായിരുന്നെന്നും ഡ്രീം ഗേള്‍ കണ്ട പ്രചോദനത്തിലാണ് തട്ടിപ്പ് നടത്തിയതെന്നും ഇയാള്‍ പൊലീസിനോട് പറഞ്ഞു.