കോവിഡ് പകർച്ചവ്യാധി പടർന്നപ്പോൾ മുതൽ രോഗവുമായി ബന്ധപ്പെട്ട് നിരവധി വ്യാജവാർത്തകളാണ് വാട്ട്‌സ്ആപ്പിലൂടെയും മറ്റും പ്രചരിക്കുന്നത്. രോഗം ഭേദമാക്കുമെന്ന് അവകാശപ്പെടുന്ന മുറിവൈദ്യന്‍മാർ, രോഗം വരാതിരിക്കാനുള്ള “വീട്ടുവൈദ്യങ്ങൾ” തുടങ്ങിയ വാർത്തകൾ വിശ്വസിക്കുന്നതിനെതിരെ ധാരാളം മുന്നറിയിപ്പുകൾ സർക്കാർ ഇതിനോടകം തന്നെ നൽകിയിട്ടുണ്ട്. മതിയായ യോഗ്യതകളില്ലാതെ രോഗത്തിന് ചികിത്സ വാഗ്ദാനം ചെയ്തതിന് ആളുകളെ അറസ്റ്റ് ചെയ്ത സംഭവങ്ങളും ഉണ്ടായിട്ടുണ്ട്.
സമാനമായ മറ്റൊരു സംഭവം ഇപ്പോൾ നടന്നിരിക്കുന്നത് കർണാടകയിലാണ്. ഇവിടെ നിന്നുള്ള ഒരു കോൺഗ്രസ് കൗൺസിലർ പകർച്ചവ്യാധിക്കെതിരെയുള്ള പ്രതിവിധിയായി നിർദ്ദേശിക്കുന്നത് റം(മദ്യം), മുട്ട എന്നിവയാണ്.
കോവിഡിനെ ചെറുക്കൻ ഒരു ടീസ്പൂൺ കുരുമുളക് ചേർത്ത ശേഷം 90 മില്ലി റം കുടിക്കാൻ ആളുകളോട് ആവശ്യപ്പെട്ടിരിക്കുകയാണ് വൈറലായ ഒരു വീഡിയോയിൽ മംഗളൂരുവിലെ ഉല്ലാൽ സിഎംസിയിൽ നിന്നുള്ള കോൺഗ്രസ് കൗൺസിലർ രവിചന്ദ്ര ഗാട്ടി. ഇതോടൊപ്പം പകുതി പാകം ചെയ്ത ഓംലെറ്റ് കുരുമുളക് പൊടി വിതറി കഴിച്ചാൽ കൊറോണ വൈറസ് അപ്രത്യക്ഷമാകുമെന്നും ഇയാൾ അവകാശപ്പെട്ടതായി ദി വീക്ക് റിപ്പോർട്ട് ചെയ്തു .
താൻ ധാരാളം മരുന്നുകൾ പരീക്ഷിച്ചുവെന്നും എന്നാൽ ഇതുമാത്രമാണ് ഗുണം ചെയ്തതെന്നും, ഒരു രാഷ്ട്രീയക്കാരനെന്ന നിലയിലല്ല താൻ ഇത് നിർദ്ദേശിക്കുന്നതെന്നും മറിച്ച് കൊറോണ കമ്മിറ്റി അംഗമെന്ന നിലയിലാണെന്നും ഇയാൾ പറഞ്ഞു.
ന്യൂ ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് അനുസരിച്ച് രവിചന്ദ്ര ഗാട്ടി ഒരു സാമൂഹിക പ്രവർത്തകനാണ്. ജില്ലയിൽ നിന്നുള്ള മറ്റ് കോൺഗ്രസ് നേതാക്കൾ വിഷയം ചർച്ച ചെയ്യുമെന്നാണ് റിപ്പോർട്ട്. എന്തുകൊണ്ടാണ് ഗാട്ടി വീഡിയോ സോഷ്യൽ മീഡിയയിൽ പങ്കിട്ടതെന്ന് ജില്ലാ ഭരണകൂടം കണ്ടെത്തണമെന്ന് മംഗളൂരു എംഎൽഎ യു.ടി ഖാദർ പറഞ്ഞു.