മദ്യപിച്ചു ലക്കുകെട്ട പഞ്ചാബ് മുഖ്യമന്ത്രിയെ വിമാനത്തില്‍ നിന്ന് ഇറക്കി വിട്ടു...! വാര്‍ത്തയില്‍ വിശദീകരണവുമായി എയര്‍ലൈന്‍സ് കമ്പനി

മദ്യപിച്ച് ലക്ക് കെട്ടതിന് പഞ്ചാബ് മുഖ്യമന്ത്രി ഭഗവന്ത് മന്നിനെ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടെന്ന് പ്രതിപക്ഷ ആരോപണങ്ങള്‍ക്ക് മറുപടിയുമായി എയര്‍ലൈന്‍സ് കമ്പനി. കഴിഞ്ഞ ദിവസമാണ് ജര്‍മ്മനിയിലെ ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഡല്‍ഹിയിലേക്കുള്ള യാത്രക്കിടെ ഭവന്ത് മന്‍ മദ്യപിച്ച് നടക്കാന്‍ പോലുമാകാത്തതിനാല്‍ വിമാനത്തില്‍ നിന്ന് ഇറക്കിവിട്ടതായി വാര്‍ത്തകള്‍ വന്നത്.

ഈ സംഭവത്തെത്തുടര്‍ന്ന് നാലുമണിക്കൂറോളം വിമാനം വൈകിയെന്നും ആരോപണമുയര്‍ന്നിരുന്നു. ഈ സംഭവത്തിലാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് വിശദീകരണവുമായി രംഗത്തെത്തിയത്. ഡല്‍ഹി വിമാനം ഷെഡ്യൂള്‍ ചെയ്ത സമയത്തേക്കാള്‍ വൈകിയാണ് പുറപ്പെട്ടതെന്നും ഇതിന് മറ്റൊരു കാരണമില്ലെന്നുമാണ് ലുഫ്താന്‍സ എയര്‍ലൈന്‍സ് പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു.

ഡല്‍ഹിയിലേക്കുള്ള ഞങ്ങളുടെ ഫ്ലൈറ്റ് ഇന്‍ബൗണ്ട് ഫ്ലൈറ്റ് വൈകിയതിനാല്‍ ആദ്യം പ്ലാന്‍ ചെയ്തതിനേക്കാള്‍ വൈകിയാണ് പുറപ്പെട്ടത്.അല്ലാതെ മറ്റൊന്നുമില്ലെന്നും ഫ്ലൈറ്റ് വൈകുന്നതിനെക്കുറിച്ച് ചോദിച്ച ഒരു ഉപയോക്താവിന് മറുപടിയായി ലുഫ്താന്‍സ ട്വീറ്റ് ചെയ്തു.

ഫ്രാങ്ക്ഫര്‍ട്ടില്‍ നിന്ന് ഞായറാഴ്ച ഉച്ചയ്ക്ക് 1.40ന് പുറപ്പെടേണ്ടിയിരുന്ന ലുഫ്താന്‍സ എയര്‍ലൈന്‍സിന്റെ വിമാനം 4.30 നാണ് പുറപ്പെട്ടത്. ഭഗവന്ത് മാന്‍ തിങ്കളാഴ്ച രാവിലെ പുറപ്പെട്ട വേറൊരു വിമാനത്തിലാണ് തിരികെ ഇന്ത്യയിലെത്തിയത്.